സാമൂഹ്യ വിരുദ്ധര്‍ ബണ്ട് തകര്‍ത്ത് പാടത്ത് ഉപ്പുവെള്ളം കയറ്റി
തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിലെ വെട്ടയ്ക്കല്‍ സി. ബ്ലോക്കില്‍ സാമൂഹ്യ വിരുദ്ധര്‍ ബണ്ട് തകര്‍ത്ത് ഉപ്പ് വെള്ളം കയറ്റി. ഇതു മൂലം 62 ഏക്കര്‍ പാടത്ത് ഇത്തവണ നെല്‍കൃഷി നടത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബണ്ട് തകര്‍ത്ത് വെള്ളം കയറ്റിയത്. കൂടാതെ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറും കേടാക്കി.
പമ്പ് ഹൗസിനകത്തെ ഫ്യൂസുകളും ഫ്യൂസ്കാരിയറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ചെമ്പ് കമ്പികള്‍, മോട്ടോറിന്റെ ടൂള്‍ കീറ്റ് എന്നിവയും കാണാതായിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നെല്ല് ഉല്പാദക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഒരാഴ്ച മുമ്പാണ് പാടം പൂര്‍ണമായും വറ്റിച്ചു ഉണക്കിയത്. അടുത്ത ദിവസങ്ങളിലുണ്ടാകുന്ന മഴവെള്ളം കെട്ടി നിര്‍ത്തി പാടത്തെ ഓരിന്റെ അംശം ഇല്ലാതാക്കിയാല്‍ മാത്രമേ ജൂണില്‍ കൃഷിയിറക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഉപ്പ്വെള്ളം കയറിയതിനാല്‍ ഇനി കൃഷിയിറക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷവും വിത കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ബണ്ട് പൊട്ടിച്ച് വെള്ളം കയറ്റി കൃഷി നശിപ്പിച്ചിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 99 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാടശേഖരം.
സംഭവത്തില്‍ വെട്ടയ്ക്കല്‍ സി ബ്ലോക്ക് കരിനില നെല്ല് ഉല്പാദക സമിതി പട്ടണക്കാട് പൊലിസ് സ്റ്റേഷനിലും പട്ടണക്കാട് കൃഷിഭവനിലും പരാതി നല്‍കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ജെ.ആന്റണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."