സഊദിയില്‍ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം ആറുമാസത്തിനു ശേഷം നാട്ടിലേക്കയച്ചു
റിയാദ്: സഊദിയിലെ ജിസാനില്‍ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം ആറു മാസത്തിനൊടുവില്‍ നാട്ടിലേക്കയച്ചു. ജിസാനു സമീപം അല്‍ റെയ്ത്തില്‍ ആത്മഹത്യ ചെയ്ത നിലമ്പൂര്‍ ഉപ്പട ചെമ്പന്‍ കോലി ചരിവുകാല വീട്ടില്‍ സുദേവന്റെ (48) മൃതദേഹമാണ് മലയാളി സമൂഹത്തിന്റെ ഇടെപടലിനെ തുടര്‍ന്ന് നാട്ടിലേക്കയച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് റിപ്പോര്‍ട്ടും ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ താമസമെടുത്തത്. ഇതേ തുടര്‍ന്ന് മൃതദേഹം കഴിഞ്ഞ ആറു മാസമായി ബെയ്ഷ് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്‌റ്റോബര്‍ പത്തിനാണ് സുദേവനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഇരുപതു വര്‍ഷമായി റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞ സെപ്തംബറില്‍ ഒരു മാസത്തെ ജോലിക്കായി അബഹയില്‍ എത്തിയതായിരുന്നു. ഇവിടെ നിന്നുമാണ് സുഹൃത്തും നാട്ടുകാരനുമായ ഒരാളുടെ കൂടെ അല്‍ റെയ്ത്തില്‍ എത്തിയത്. ജോലി കഴിഞ്ഞു റിയാദിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം താമസ സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.
ഉടന്‍ തന്നെ നടപടികള്‍ തുടങ്ങി. ജിദ്ദ കോണ്‍സുലേറ്റില്‍ നിന്നും സമ്മത പത്രം ലഭിച്ചെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് റിപ്പോര്‍ട്ടും ലഭിക്കാന്‍ വൈകി. പോലീസ് റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്നു ചൂണ്ടിക്കാണിച്ചു നാല് തവണയാണ് ഗവര്‍ണറേറ്റില്‍ നിന്നും പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ മടക്കി അയച്ചത്. രണ്ടാഴ്ച മുന്‍പ് ജിസാന്‍ സന്ദര്‍ശിച്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ മോയിന്‍ അക്തര്‍ ജിസാന്‍ ഗവര്‍ണറേറ്റില്‍ സെക്രട്ടറി ജനറലിനെ കണ്ടു നിയമ നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സഹദേവന്റെ സ്‌പോണ്‍സറുടെ നിസഹകരണം മൂലം മുഴുവന്‍ നടപടികള്‍ക്കുമുല്ല ചിലവുകള്‍ വഹിച്ചത് സുഹൃത്തായ ബെന്നി ജോസഫാണ്.
അജിതയാണ് ഭാര്യ, ആര്യ സുദേവന്‍, അശ്വിന്‍ ദേവ്, എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."