ഏനാമാക്കല്‍ വളയം ബണ്ടിന്റെ നിര്‍മാണം നീളും
അന്തിക്കാട്: മൂന്ന് വട്ടം തകര്‍ന്ന ഏനാമാക്കല്‍ വളയം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരാഴ്ച സമയമെടുക്കും. വേലിയേറ്റത്തിലും വേലിയിറക്കത്തിലും തകര്‍ന്ന ഭാഗത്തിന്റെ നിര്‍മാണം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. വലിയമുളകളുടെയും തൊഴിലാളികളുടെയും ക്ഷാമമാണ് നിര്‍മാണം പൂര്‍ത്തിയാകാന്‍ വൈകുന്നത്.
ബണ്ട് തകര്‍ന്ന ഭാഗത്ത് 20 അടിയിലേറെ താഴ്ചയുണ്ട്. ഏകദേശം 25 അടിയിലേറെയുള്ള വലിയ മുളകള്‍ ബണ്ട് നിര്‍മാണത്തിനായി വേണ്ടിവരും. കൂടാതെ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. ഇറിഗേഷന്‍ വകുപ്പധികൃതരുടെ അനാസ്ഥയാണ് ബണ്ട് തകരാന്‍ കാരണമായതെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ബണ്ട് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ സമയത്തിനു പൂര്‍ത്തിയാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.
ടെന്‍ഡര്‍ നടപടികള്‍ വൈകിയതു മൂലം നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരനും സാധിച്ചില്ല. മുഴുവന്‍ പ്രശ്‌നങ്ങളും കരാറുകാരന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ഇറിഗേഷന്‍ വകുപ്പധികൃതര്‍ ശ്രമിക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ബണ്ട് മൂന്ന് വട്ടം തകര്‍ന്നതോടെ ലക്ഷകണക്കിനു രൂപയുടെ ചെമ്മണ്ണ് ഒലിച്ചു പോകുകയും ഇത് കരാറുകാരന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്തതായി പറയുന്നുണ്ട്്. കോള്‍പടവുകളില്‍ കൃഷി തുടങ്ങുന്ന സമയവും പുഴയില്‍ ഉപ്പ് ഉണ്ടാകുന്ന സമയവും കൃത്യമായി അറിയുന്ന ഇറിഗേഷന്‍ വകപ്പ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം തങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
ചിമ്മിനി ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടാന്‍ വൈകിയതും തുറന്നു വിട്ടപ്പോള്‍ കൂടുതലായതും ബണ്ട് തകരാനുള്ള കാരണമാണ്. വെള്ളം ഒന്നിച്ചൊഴികിയെത്തിയപ്പോള്‍ മുളയും ചെമ്മണ്ണും ഉപയോഗിച്ചു നിര്‍മിച്ച ബണ്ടിന്റെ ഒരു ഭാഗം തകരുകയായിരുന്നു. എന്നാല്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനാല്‍ പുഴയിലെ വെള്ളം കോള്‍ ചാലിലേക്ക് കയറിയാലും ഉപ്പിന്റെ അംശം ഗണ്യമായി കുറയ്ക്കാനും അതുവഴി നെല്‍ച്ചെടികള്‍ ഉണങ്ങി നശിക്കുന്നത് ഒരു പരിധി വരെ തടയാനും സാധിക്കും.
ഏനാമാക്കല്‍ പ്രധാന ബണ്ടിന്റെ ഷട്ടര്‍ പഴകി ദ്രവിച്ചതിനാല്‍ അതിനടിയിലൂടെ പുഴയില്‍ നിന്ന് കോള്‍ ചാലിലേക്ക് വെള്ളം പ്രവേശിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
വളയം ബണ്ടിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി കോള്‍ പടവുകളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."