പ്രവാസികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയമില്ലെന്ന് മുഖ്യമന്ത്രി, കേരളസഭ പ്രവാസി വിഭവങ്ങള്‍ തട്ടാാനുള്ള നിഗൂഢ സംവിധാനമല്ലെന്നും പിണറായി
തിരുവനന്തപുരം : പ്രവാസികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം നിയമസഭയിലെ നവീകരിച്ച ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെയും ബാധിക്കുന്ന നയമോ നിയമോ ഇല്ലെന്നത് ഒരു പ്രശ്നമാണ്. പ്രവാസികളുടെ വിഷയങ്ങളിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. വിദേശനാണ്യം നേടിത്തരുന്നവര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേന്ദ്രത്തിന് ചുമതലയുണ്ട്. അതിന് ഊന്നല്‍ നല്‍കുന്ന നയമാണ് കേന്ദ്രം പ്രഖ്യാപിക്കേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്കുണ്ടാക്കലാണ്. 1.05 കോടി പേര്‍ ഉണ്ടെന്നാണ് ദേശീയതലത്തിലുള്ള അനൗദ്യോഗിക കണക്ക്. 1.31 കോടി ഇന്ത്യന്‍ പ്രവാസികളും 1.71 കോടി ഇന്ത്യന്‍ വംശജരും. യഥാര്‍ഥ കണക്ക് കേന്ദ്രം അവതരിപ്പിക്കുന്നില്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പക്കലുള്ള കണക്ക് കേന്ദ്രം പുറത്തുവിടുന്നുമില്ല. ഇത് ആസൂത്രണത്തിന്റെ താല്‍പര്യങ്ങള്‍ക്കു പോലും എതിരാണ്. കേന്ദ്രം ഈ നിലപാട് തിരുത്തണം. കുടിയേറ്റത്തിലെ മാറുന്ന പ്രവണതകള്‍ മനസ്സിലാക്കി വേണം കാര്യങ്ങള്‍ നീക്കാന്‍. അവിദഗ്ധരുടെ കുടിയേറ്റം കുറയുന്നുണ്ടോ? ഏതു രാഷ്ട്രത്തിനാണു നമ്മുടെ ആളുകളെ കൂടുതല്‍ വേണ്ടത്?
ഏതു രാഷ്ട്രത്തിലാണു വലിയ പ്രതീക്ഷ ഇക്കാര്യത്തില്‍ വെച്ചുപുലര്‍ത്തേണ്ടതില്ലാത്തത്. ഏതു മേഖലയിലാണു കുടിയേറ്റസാധ്യത കൂടുന്നത് എന്നിവയൊക്കെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും മനസ്സിലാക്കി നീങ്ങുകയാണ് കേരളം. ആ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലുള്ള പുനഃക്രമീകരണങ്ങള്‍ നടത്തുന്നുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫിലേക്കുള്ള മലയാളി കുടിയേറ്റത്തില്‍ കുറവുവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
ലോക കേരളസഭയുടെ ഒന്നാം സമ്മേളനവും സഭാ രൂപീകരണവും വെറും ആരംഭശൂരത്വമായിരുന്നില്ല എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കി മാറ്റുന്ന ഘട്ടം തന്നെയാണ് കടന്നുപോയത്. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. പ്രവാസികളില്‍നിന്ന് 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും സര്‍ക്കാര്‍ തന്നെ 26 ശതമാനം ഓഹരി മൂലധനം നിക്ഷേപിച്ചുമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ ഇതൊക്കെ ഇത്ര വിസ്തരിച്ചു പറയുന്നത് പ്രത്യേക ഉദ്ദേശത്തോടെ തന്നെയാണെന്ന്്് പറഞ്ഞ മുഖ്യമന്ത്രി ലോക കേരളസഭ പ്രവാസികളുടെ വിഭവങ്ങള്‍ കൈക്കലാക്കാനുള്ള എന്തോ നിഗൂഢ സംവിധാനമാണെന്ന മട്ടില്‍ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പ്രവാസിക്ഷേമം ഉറപ്പുവരുത്തുക എന്ന കേരളത്തിന്റെ കടമ നിറവേറ്റാനുള്ളതാണെന്നത് പകല്‍പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയ്ക്ക് സ്ഥിരം സംവിധാനമാക്കി നിയമപരിരക്ഷ നല്‍കുന്ന നിയമത്തിന്റഎ കരട് ബില്ല് ഇന്നലെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായികളായ എം.എ യുസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."