കാസര്‍കോട്ട് മുന്‍ കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞ നിലയില്‍
ചെറുവത്തൂര്‍ (കാസര്‍കോട്): പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയുടെ കൊടക്കാട് പൊള്ളപ്പൊയിലിലെ വീടിനുനേരെ അക്രമം. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
കഴിഞ്ഞ അഞ്ചുദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. എറണാകുളത്തുനിന്ന് ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍പ്പെട്ടത്. വീടിനു മുന്‍വശത്തെ നാലു ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഭിത്തിയിലും കേടുപാടുകളുണ്ട്. ചീമേനി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങളും വീട്ടില്‍നിന്ന് കണ്ടെത്തി.മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോള്‍ കോളജില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതും പുഷ്പജയ്ക്ക് 'ആദരാഞ്ജലി' ബോര്‍ഡ് വച്ചതും വിവാദമായിരുന്നു.
അടുത്തിടെ വനിതാമതിലിനെതിരേ ഒരു ചാനലിന് ടീച്ചര്‍ അഭിമുഖം നല്‍കിയതിനെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ബോംബേറിനു പിന്നില്‍ ആരെന്നതിനെ കുറിച്ച് നിലവില്‍ സൂചനകളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."