അഞ്ച് പ്രധാന പവര്‍ഹൗസുകളുടെ സംരക്ഷണം സ്വകാര്യ മേഖലക്ക്
ി തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ സ്വകാര്യമേഖലക്ക് വിടരുതെന്ന റിപ്പോര്‍ട്ട് അവഗണിച്ചു
തൊടുപുഴ: തന്ത്രപ്രധാന മേഖലകളായ പവര്‍ഹൗസുകളുടെ സുരക്ഷ സ്വകാര്യമേഖലക്ക് വിടരുതെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ അഞ്ച് പ്രധാന പവര്‍ഹൗസുകളുടെ സംരക്ഷണം കെ.എസ്.ഇ.ബി സ്വകാര്യ മേഖലക്കു വിടുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍, നേര്യമംഗലം, മാട്ടുപ്പെട്ടി പവര്‍ഹൗസുകളുടെ സുരക്ഷാ ചുമതലയാണ് സ്വകാര്യമേഖലക്ക് കൈമാറുന്നത്. മീന്‍കട്ട് ജനറേഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജനിയര്‍ ഇതിനായി ഇ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് കരാര്‍. വിമുക്തഭടന്മാരെയാണ് നിയോഗിക്കുന്നതെങ്കിലും ഇവരെ നിയമിക്കുക സ്വകാര്യ കരാറുകാരാണ്. രാജ്യത്തെ വൈദ്യുതിനിലയങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തം അന്വേഷിച്ച കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ അധ്യക്ഷനായുള്ള കമ്മിഷനാണ് അണക്കെട്ടുകളുടെയും പവര്‍ഹൗസുകളുടെയും അടക്കം തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കരുതെന്നും അര്‍ധസൈനിക വിഭാഗങ്ങളെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിച്ചത്. ജലവൈദ്യുത പദ്ധതികള്‍ക്കു കനത്ത സുരക്ഷ നല്‍കണമെന്ന ചട്ടം കാറ്റില്‍പറത്തിയാണ് വൈദ്യുതിബോര്‍ഡിന്റെ നടപടി. അണക്കെട്ടിനും പവര്‍ഹൗസിനും ഇടയില്‍ ജലാഗമന സംവിധാനമായ പെന്‍സ്റ്റോക്ക് പൈപ്പുകള്‍, വാല്‍വ് ഹൗസുകള്‍, സര്‍ജുകള്‍ തുടങ്ങിയവ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ്, ചെറുതോണി, ആര്‍ച്ച് ഡാമുകളിലും മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതിനിലയത്തിലും പൊലിസിന്റെ സുരക്ഷ ലഭ്യമാക്കുന്നുണ്ട്. മറ്റ് ചെറുകിട പദ്ധതികളുടെ സുരക്ഷയില്‍ കുറ്റകരമായ അനാസ്ഥയാണ് കെ.എസ്.ഇ.ബി പുലര്‍ത്തുന്നത്.
പവര്‍ഹൗസുകളിലേയും അണക്കെട്ടുകളിലേയും പൊലിസ് കാവല്‍ സംബന്ധിച്ച് ആഭ്യന്തരവകുപ്പും വൈദ്യുതി ബോര്‍ഡും തമ്മിലുള്ള വടംവലിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. സേവനത്തിന്റെ പ്രതിഫലമായി ആഭ്യന്തരവകുപ്പിന് നല്‍കേണ്ട തുക കൈമാറുന്നതില്‍ കെ.എസ്.ഇ.ബി വീഴ്ചവരുത്തുന്നതു പതിവാണ്. ഈ സാഹചര്യത്തില്‍ സുരക്ഷക്കായി പൊലിസിനെ വിട്ടുനല്‍കുന്നതില്‍ ആഭ്യന്തരവകുപ്പിനും താല്‍പ്പര്യമില്ല. ഇതു മുതലെടുത്താണു ചെലവുചുരുക്കലിന്റെ പേരില്‍ പൊലിസ് സേവനം വൈദ്യുതിബോര്‍ഡ് വെട്ടിക്കുറച്ചത്. കല്ലാര്‍കുട്ടി, പൊന്മുടി, ചെങ്കുളം, ലോവര്‍പെരിയാര്‍ തുടങ്ങിയ പ്രധാന അണക്കെട്ടുകളിലെല്ലാം നേരത്തെ പൊലിസ് കാവലുണ്ടായിരുന്നു. അണക്കെട്ട് നിരീക്ഷണ സംവിധാനത്തിലും വൈദ്യുതിബോര്‍ഡ് കുറ്റകരമായ വീഴ്ചയാണ് വരുത്തുന്നത്. 2002 വരെ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്ന അണക്കെട്ട് നിരീക്ഷണ, പരിശോധനാ സംവിധാനങ്ങള്‍ കേന്ദ്ര ജലകമ്മിഷന്റെ കണ്ണില്‍ പൊടിയിടാനുള്ള സംവിധാനമായി മാത്രം നിലനിര്‍ത്തിയിരിക്കുകയാണ്. ജീവനക്കാരുടെ എണ്ണവും തസ്തികയും വെട്ടിക്കുറയ്ക്കാന്‍ ആവേശംകാണിച്ചപ്പോള്‍ പന്നിയാറില്‍ വൈദ്യുതിബോര്‍ഡിന് നല്‍കേണ്ടിവന്നത് കനത്ത വിലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."