ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി
എടക്കര: മുണ്ടേരി വാണിയംപുഴ ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി ക്ലാസെടുത്തു. ആയുധധാരികളായ സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി പി.എല്‍.ജി.എയിലെ വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരെയാണ് ആദിവാസികള്‍ തിരിച്ചറിഞ്ഞതായി പൊലിസ് പറയുന്നത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഘം വീടുകളില്‍ കയറിയിറങ്ങി നോട്ടീസുകള്‍ വിതരണം ചെയ്യുകയും ക്ലാസെടുക്കുകയും ചെയ്തത്. ബദല്‍ സ്‌കൂളിന്റെ ചുമരുകളില്‍ നിരവധി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ അടിമകളല്ല എന്ന തലക്കെട്ടോടെ പതിച്ച പോസ്റ്ററില്‍ പ്ലാന്റേഷന്‍ തൊഴിലാളികളുടെ ദിവസക്കൂലി 800 രൂപയാക്കുക, ജോലിഭാരം കുറക്കുക, പിരിച്ചുവിടല്‍ നടപടി അവസാനിപ്പിക്കുക, മുഴുവന്‍ തൊഴിലാളികളെയും മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തുക, തേന്‍ സീസണുകളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ആദിവാസികള്‍ക്കു നിയമാനുസൃതം അനുവദി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ഒന്നര മണിക്കൂറോളം കോളനിയില്‍ തങ്ങിയ സംഘം അവശ്യസാധനങ്ങള്‍ ശേഖരിച്ചാണ് മടങ്ങിയത്. മാവോവാദികള്‍ വന്ന സാഹചര്യത്തില്‍ ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലിസും തണ്ടര്‍ബോള്‍ട്ട് സേനയും ഇന്നലെ വാണിയംപുഴ കോളനിയിലത്തെി വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."