കാരാട്ട് റസാഖിനെതിരേയുള്ള വിധി കൊടുവള്ളിയില്‍ ലീഗിന് രാഷ്ട്രീയ വിജയം
#ഷൗക്കത്ത് കൊടുവള്ളി
കൊടുവള്ളി: മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വത്തിനെതിരേ അഴിമതി ആരോപിച്ച് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന എം.എ റസാഖ് മാസ്റ്ററെ 573 വോട്ടിന് തറപറ്റിച്ച് ലീഗ് നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്ത കാരാട്ട് റസാഖ് എം.എല്‍.എയുടെ വിജയം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി കൊടുവള്ളിയില്‍ മുസ്‌ലിം ലീഗിന് രാഷ്ട്രീയ വിജയമെന്ന് വിലയിരുത്തല്‍. എം.എ റസാഖ് മാസ്റ്ററെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ കൊടുവള്ളി ലീഗ് ഹൗസില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ പങ്കെടുത്ത കാരാട്ട് റസാഖ് എം.എ റസാഖ് മാസ്റ്ററെ വാനോളം പുകഴ്ത്തുകയും യോഗം കഴിഞ്ഞയുടന്‍ ഇടതു നേതാക്കന്‍മാരുമായി രഹസ്യ ചര്‍ച്ച നടത്തി ലീഗ് പദവികള്‍ രാജിവച്ച് ഇടത് സ്വതന്ത്രനായി മത്സരിക്കുകയും ചെയ്ത നടപടി രാഷ്ട്രീയ വഞ്ചനയാണെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വിഡിയോ സി.ഡി നിര്‍മിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് വിജയിച്ചതോടെ വിഷയം മുസ്‌ലിം ലീഗ് ഗൗരവത്തോടെയെടുക്കുകയായിരുന്നു.
തുടര്‍ന്ന് കൊടുവള്ളി മണ്ഡലത്തിലെ വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോഴത്തെ വിധി. ഹരജിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ പുറത്തുവന്ന ഹൈക്കോടതി വിധി മുസ്‌ലിം ലീഗിന് രാഷ്ട്രീയപരമായി ഊര്‍ജ്ജം പകരും എന്നാണ് വിലയിരുത്തല്‍. അതേസമയം വിഷയം രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."