ചാലക്കുടി നഗരസഭാ കൗണ്‍സില്‍: പ്രതിപക്ഷ, ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി
ചാലക്കുടി: നഗരസഭ കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ച് കൗണ്‍സിലല്‍ ഹാളിന് പുറത്ത് നിന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷ അംഗവും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയില്‍ അവസാനിച്ചു. മര്‍ദനത്തില്‍ പരുക്കേറ്റ ഭരണപക്ഷത്തെ നാലംഗങ്ങളേയും പ്രതിപക്ഷത്തെ രണ്ടംഗങ്ങളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരണപക്ഷാംഗങ്ങളായ വി.ജെ ജോജു, സുലേഖ ശങ്കരന്‍, മോളി പൗലോസ്, ഉഷ സ്റ്റാലിന്‍ എന്നിവരെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രതിപക്ഷത്തെ മേരി നളന്‍, സരള നീലങ്കാട്ടില്‍ എന്നിലരെ സെന്റ്.ജെയിംസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഗവ.വി.എച്ച്.എസ്.എസിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഉപയോഗശൂന്യമായ ക്ലാസ് മുറികള്‍, ഹാള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവ പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായാണ് അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നത്.
എന്നാല്‍, അടിയന്തിര കൗണ്‍സില്‍ വിളിച്ച ചെയര്‍പേഴ്‌സന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ച് കൗണ്‍സില്‍ ഹാളിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അജണ്ട പാസാക്കി. ബി.ജെ.പി അംഗം കെ.എം.ഹരിനാരായണനും യോഗത്തില്‍ സംബന്ധിച്ചു.
യോഗം കഴിഞ്ഞ് ഭരണപക്ഷ അംഗങ്ങള്‍ ഹാളിന് പുറത്തേക്ക് വന്നതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. ഇതിനിടെ ഭരണപക്ഷത്തെ വി.ജെ ജോജു പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം വിളിച്ച് ഹാളിന് പുറത്തേക്ക് വന്നു. തുടര്‍ന്ന് സെക്രട്ടറിയുടെ മുറിക്ക് മുന്നില്‍ നിന്ന് ഉച്ചത്തില്‍ പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതില്‍ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍ കസേരകളില്‍ നിന്നും എഴുന്നേറ്റ് ഭരണപക്ഷാംഗമായ ജോജുവിനെ വളഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യം വിളി വീണ്ടും ഉച്ചത്തിലാക്കി. ജോജുവും പ്രതിപക്ഷത്തെ ഷിബു വാലപ്പനും നേര്‍ക്കുനേര്‍ നിന്ന് പ്രകോപനപരമായ രീതിയിലുള്ള വിളി തുടര്‍ന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. പലതവണ ജോജു തിരിച്ച് പോകാന്‍ ശ്രമം നടത്തിയെങ്കിലും ഷിബു വാലപ്പന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ ജോജുവിനെ തടഞ്ഞുവച്ചു. ഇത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് വഴിതെളിച്ചു. പിന്നീടത് ഉന്തും തള്ളിലേക്കും എത്തി. ഇതിനിടെ സ്ത്രീകള്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റ ശ്രമവുമായി എത്തിയത് കയ്യാങ്കളിലക്കും കാരണമായി. ബഹളം കേട്ടെത്തിയ ഭരണപക്ഷ അംഗങ്ങള്‍ ഇരുവിഭാഗത്തേയും പിടിച്ചുമാറ്റാന്‍ ശ്രമം നടത്തി. ഇത് വീണ്ടും കൂടുതല്‍ ഒച്ചപ്പാടിനും കൈയാങ്കളിക്കും കാരണമായി. എറെ നേരത്തെ ശ്രമത്തിനൊടുവില്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, ഭരണപക്ഷ കൗണ്‍സിലര്‍മാരായ പി.എം ശ്രീധരന്‍, വി.ജെ.ജോജി, യു.വി.മാര്‍ട്ടിന്‍ എന്നിവര്‍ ഇരു വിഭാഗത്തേയും പിടിച്ച് മാറ്റിയതോടെയാണ് പ്രശ്‌നത്തിന് അയവ് വന്നത്. ചാലക്കുടി: നഗരസഭ ഭരണപക്ഷ കൗണ്‍സിലര്‍മാരെ ആക്രമിച്ച പ്രതിപക്ഷത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം ബി.ഡി.ദേവസ്സി എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. സി.പി.ഐ.ലോക്കല്‍ സെക്രട്ടറി സി.മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.ഏരിയ സെക്രട്ടറി ടി.എ.ജോണി, കെ.ഐ.അജിതന്‍, എം.എന്‍.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സിലര്‍മാരായ വി.ജെ.ജോജി, വി.സി.ഗണേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."