സന്ദർശക വിസ പുതുക്കുന്നതിന് ഹിജ് രി കലണ്ടർ പരിഗണിക്കണം
റിയാദ്: സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവർ വിസ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും ഹിജ് രി കലണ്ടർ പരിഗണിക്കണെമെന്ന് സൗദി എമിഗ്രേഷൻ, പാസ് പോർട്ട് വിഭാഗം ആവശ്യപ്പെട്ടു. പാസ്പോർട്ടിൽ രേഖപ്പെടുത്തിയി രിക്കുന്ന തിയതി കൃത്യമായി ശ്രദ്ധിക്കുകയും അതനുസരിച്ച് നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കുവാനും ബന്ധപ്പെട്ടവർ സൂക്ഷ്മത പുലർത്തണം. വിസ പുതുക്കുന്നതിന് ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള തിയതി പരിഗണിക്കാനാവുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ട്വിറ്ററിൽ ജവാസാത്ത് അധികൃതർ ഇങ്ങിനെ വ്യക്തമാക്കിയത്. രാജ്യത്ത് ഹിജ് രി കലണ്ടറാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഗ്രിഗോറിയൻ കലണ്ടറും വിവിധ തലങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ട്. എമിഗ്രേഷൻ, പാസ്പോർട്ട് വിഭാഗത്തിൽ ഹിജ് രി കലണ്ടറാണ് ഉപയോഗിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ചെലവുകൾ കൂടിയതിനാൽ നിരവധി പേർ കുടുംബത്തെ വിസിറ്റ് വിസയിലാണ് രാജ്യത്ത് കൊണ്ട് വരുന്നത്. കൂടാതെ ടൂറിസ്റ്റ്, ബിസിനസ് വിസയിലും നിരവധി പേർ രാജ്യത്തെത്തുന്നുണ്ട്. എന്നാൽ യഥാസമയം വിസ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും പലരും സൂക്ഷ്മത പുലർത്തുന്നില്ല. തിയതികൾ പരസ്പരം മാറുന്നതും പതിവാകുന്നു. ഇത് മൂലം നിയമ പ്രശ്നങ്ങളിലകപ്പെടുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."