പൊന്നാനിയില്‍ നിന്ന് പരിഗണനക്കായി 400 കോടിയുടെ പദ്ധതികള്‍
പൊന്നാനി: സംസ്ഥാന ബജറ്റിന്റെ പരിഗണനക്ക് പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്ന് 400 കോടിരൂപയുടെ പദ്ധതികള്‍ . ചെറുതും വലുതുമായ 35 പദ്ധതികളാണ് ബജറ്റിന്റെ പരിഗണനക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത് .
വരള്‍ച്ചയെ നേരിടാന്‍ ഭാരതപ്പുഴയും ബിയ്യം കായലും സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രധാനപ്പെട്ടത് . നേരത്തേ ആലോചനയിലുണ്ടായിരുന്ന നദീസംയോജന പദ്ധതി നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് ബജറ്റിന്റെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുള്ളത്. പൊന്നാനി അഴിമുഖത്തെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിക്കുന്ന സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് ആണ് ബജറ്റിനുമുന്നിലുള്ള മറ്റൊരു പ്രധാന പദ്ധതി. കല്‍ക്കത്തയിലെ ഹൗറ പാലം മാതൃകയിലാണ് ഇത് നിര്‍മിക്കുക. 100 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി ആവശ്യപ്പെട്ടിട്ടുള്ളത് .
പാലപ്പെട്ടി അജ്മീര്‍ നഗര്‍ മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും ബജറ്റിന് മുന്നില്‍ അടിയന്തിര പ്രാധാന്യത്തോടെ സമര്‍പ്പിച്ചിട്ടുണ്ട്. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജും ചങ്ങാടം പാലവും പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പുതുപൊന്നാനി തീരത്ത് മത്സ്യബന്ധന വള്ളങ്ങളും ചെറുവഞ്ചികളും നങ്കൂരമിടുന്നതിന് ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മിക്കാനും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരള ഫിഷറീസ് സര്‍വകലാശാലയുടെ ഓഫ് ക്യാംപസ് അനുവദിക്കണമെന്ന ആവശ്യവും ബജറ്റ് പരിഗണന അപേക്ഷകളില്‍ ഉണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ നിരവധി പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. കര്‍മറോഡ്, പൂക്കൈതകടവ് പാലം, ഉള്‍പ്പെടെ 60 കോടിയോളം പദ്ധതികള്‍ക്കാണ് ആദ്യ ബജറ്റ് പരിഗണന നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."