പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതായി പരാതി
തുറവൂര്‍: ദേശീയപാതയോരങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതായി പരാതി.
പഴക്കമുള്ള കറികളും ഇറച്ചികളും കഴിച്ച് നിരവധി പേര്‍ക്ക് വയറ്റില്‍ അസുഖങ്ങളുണ്ടായതായി ജനങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഭക്ഷ്യാസുരക്ഷാവകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണന്ന് ആരോപണമുയരുന്നു. പല കടകള്‍ക്ക് ലൈസന്‍സ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. അരൂര്‍മുക്കം മുതല്‍ ഒറ്റപ്പുന്നവരെയുള്ള ദേശിയപാതയോരങ്ങളിലെ കടകളിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ മാസത്തില്‍ അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍, കുത്തിയതോട്, തുറവൂര്‍, വയലാര്‍, ഒറ്റപ്പുന്ന എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ഭക്ഷ്യാസുരക്ഷാവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
ഇവിടെയെല്ലാം പഴകിയ ഭക്ഷണസാധനങ്ങള്‍ പരിശോധനയില്‍ കണ്ടെടുത്തെങ്കിലും കോഴ വാങ്ങി ഉദ്യോഗസ്ഥര്‍ ഒതുക്കുകയാണ് ചെയ്തത്.
പഴകിയ ഭക്ഷണ സാധനങ്ങള്‍ നല്‍കുന്ന ഹോട്ടലുകളും തട്ടുകടകളും പരിശോധന നടത്തി കര്‍ശനമായി നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജില്ലാകലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."