അഗ്‌നിബാധയില്‍ വനം ഇല്ലാതാകുമ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് കുട പിടിച്ച് വനം വകുപ്പ്
വടക്കാഞ്ചേരി: കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ നാട്ടില്‍ അഗ്‌നിബാധയില്‍ വനം തന്നെ ഇല്ലാതാകുമ്പോഴും നടപടിയെടുക്കാതെ വനം വകുപ്പ്. സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് മച്ചാട് റെയ്ഞ്ചിലെ വനമേഖലയില്‍ ഭൂരിഭാഗം പ്രദേശവും.
മച്ചാട് താണിക്കുടം സംസ്ഥാന പാതയില്‍ ഊരോംകാടിനും അമ്പലപ്പാടിനും ഇടയിലുള്ള പ്രദേശം മാലിന്യ മാഫിയയുടെ പിടിയിലാണ്. കോഴിവേസ്റ്റും അറവ് മാലിന്യങ്ങളും മുതല്‍ കക്കൂസ് മാലിന്യങ്ങള്‍ വരെ ആളൊഴിഞ്ഞ ഈ പ്രദേശത്ത് നിക്ഷേപിക്കുന്നത് വര്‍ധിച്ചിരിക്കുന്നു. ഇതുമൂലം മുന്‍പ് ഈ വഴിയിലൂടെയുള്ള യാത്ര പോലും ദുസഹമായ അവസ്ഥയിലായിരുന്നു.
ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തുകയും ജനകീയ കൂട്ടായ്മ രൂപീകരിച്ച് രാത്രിയും പകലും കാവലിരിക്കുകയും സാമൂഹ്യ വിരുദ്ധരെ പിടികൂടുകയും ചെയ്തിരുന്നു. അന്ന് വനം വകുപ്പും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ താല്‍പര്യമാണ് പ്രകടിപ്പിച്ചിരുന്നത്.
എന്നാല്‍ ഇന്ന് മേഖല വീണ്ടും മാലിന്യ മാഫിയ കീഴടക്കിയിരിക്കുന്നു.
മീറ്ററുകള്‍ക്കപ്പുറത്ത് വനപാലകരുടെ ഓഫിസ് ഉണ്ടെങ്കിലും അവര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
മാലിന്യം വന്‍തോതില്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധര്‍ മാലിന്യത്തില്‍ തീയിടുന്നത് വന്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതോടൊപ്പം നാട് മുഴുവന്‍ തീപടരുന്നതിനും വഴിവെക്കുന്നുണ്ട്. നാടിനെ രക്ഷിക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."