എം പാനല്‍ കണ്ടക്ടര്‍മാരുടെ നിയമനം: കേസുകള്‍ വിധിപറയാന്‍ മാറ്റി
കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരുടെ നിയമനം സംബന്ധിച്ച കേസുകള്‍ ഹൈക്കോടതി വിധിപറയാനായി മാറ്റി. കെ.എസ്.ആര്‍.ടി.സിയുടെയും പി.എസ്.സിയുടെയും എം പാനല്‍ കണ്ടക്ടര്‍മാരുടെയും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെയും വാദംകേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ച് ഹരജികള്‍ വിധിപറയാനായി മാറ്റിയത്.
എം പാനല്‍ കണ്ടക്ടര്‍മാരെ സ്ഥിരമായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ചൊവ്വാഴ്ച കോടതി കെ.എസ്.ആര്‍.ടി.സിയോട് ചോദിച്ചിരുന്നു. അവര്‍ക്കുപകരമാണ് പി.എസ്.സി വഴി നിയമനം നടത്തുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആരെയെങ്കിലും നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒഴിവുകള്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പി.എസ്.സി നിലപാട് അറിയിച്ചു.
10ഉം 20ഉം വര്‍ഷമായി താല്‍ക്കാലികമായി ജോലിചെയ്യുന്ന തങ്ങളെ ഒഴിവാക്കരുതെന്ന് എം പാനല്‍ കണ്ടക്ടര്‍മാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നിയമപ്രകാരമുള്ള മിനിമം വേതനം പോലും ലഭിക്കാതെയാണ് തങ്ങള്‍ ജോലി ചെയ്തിരുന്നത്. ജീവിതം കെ.എസ്.ആര്‍.ടി.സിക്കു വേണ്ടിയാണ് ഹോമിച്ചതെന്നും അവര്‍ വാദിച്ചു. ഇക്കാര്യത്തില്‍ എം പാനല്‍ ജീവനക്കാര്‍ക്ക് വേണമെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനിവരുന്ന ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കും. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
എം പാനലുകാരെ പിരിച്ചുവിട്ടിട്ടും കെ.എസ്.ആര്‍.ടി.സി സുഗമമായി പ്രവര്‍ത്തിക്കുന്നില്ലേയെന്നു കോടതി ആരാഞ്ഞു. കണക്കുകളില്‍ കൃത്യത പാലിക്കണമെന്ന് കോടതി കെ.എസ്.ആര്‍.ടി.സിക്ക് താക്കീത് നല്‍കി. കോര്‍പറേഷന്റെ കാര്യങ്ങളില്‍ സുതാര്യത വേണമെന്നും കോടതി പരാമര്‍ശിച്ചു. എം പാനലുകാരെ ഒഴിവാക്കിയിട്ടും റെക്കോര്‍ഡ് കലക്ഷനാണ് ഉണ്ടായതെന്ന് കെ.എസ്.ആര്‍.ടി.സി ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."