വര്‍ഗീയ ധ്രുവീകരണം നരേന്ദ്ര മോദി, പിണറായി വിജയനില്‍നിന്ന് പഠിക്കേണ്ട അവസ്ഥ: എം.കെ മുനീര്‍
പാലക്കാട് : വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്ര മോദി പിണറായി വിജയനില്‍ നിന്ന് പഠിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത് എന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ ഉണ്ടാക്കിയ വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് തന്നെ വിളിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതാ മതിലിലൂടെ വര്‍ഗീയമായി ധ്രുവീകരിക്കുകയാണ് ലക്ഷ്യം. പിണറായി വിജയനെതിരെയോ സി.പി.എം പ്രസ്ഥാനത്തിനെതിരെയോ വരുന്ന ശബ്ദം പോലും കേള്‍ക്കാന്‍ തയാറല്ല. ഇതിലൂടെ ഫാഷിസമാണ് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. പിണറായി ശബരിമലയെ അവര്‍ണനും സവര്‍ണനുമായും ജാതീയമായും വെട്ടിമുറിച്ചു. സാമുദായികമായി കേരളത്തെ പിളര്‍ത്തി. വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റി എന്തിനാണ് ശബരിമലയെ തകര്‍ക്കുന്നത്. ശബരിമലയില്‍ 51 സ്ത്രീകളെ കയറ്റിയെന്ന് പറഞ്ഞ് 50 വയസ് കവിഞ്ഞ സ്ത്രീകളുടെ പട്ടിക നല്‍കി സുപ്രീം കോടതിയെ അടക്കം പിണറായിയും സര്‍ക്കാരും പറ്റിച്ചിരിക്കുകയാണ്.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആര്‍ക്കും വീട് ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി തുടങ്ങി വെച്ചതും പൂര്‍ത്തീകരിച്ച പദ്ധതികളുമല്ലാതെ ഇടതുപക്ഷ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. പ്രസവമെടുത്ത ഡോക്ടറെയാരും വാപ്പ എന്ന് വിളിക്കാറില്ലെന്ന് പിണറായി ഓര്‍ക്കണം. ഒരു ലൈഫും ഇല്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നേരെയാക്കത്തതു കൊണ്ട് ഇനി കേരളത്തില്‍ തകരാന്‍ റോഡുകളൊന്നുമില്ല. വികസനം എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത് മുരടിച്ചിരിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.എല്‍.എ, വി.ടി ബല്‍റാം എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായ മംഗലം, ട്രഷറര്‍ പി.എ തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, സെക്രട്ടറിമാരായ കെ.കെ.എ അസീസ്, കെ.ടി.എ ജബ്ബാര്‍, പി.ഇ.എ സലാം, എം.എസ് അലവി, മുന്‍ എം.എല്‍.എമാരായ കെ.എ ചന്ദ്രന്‍, സി.പി മുഹമ്മദ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ പൗലോസ്, സി. ചന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍, ജനതാദള്‍ (യു.ഡി.എഫ്) സംസ്ഥാന ചെയര്‍മാന്‍ ജോണ്‍ ജോണ്‍, ആര്‍.എസ്.പി നേതാക്കളായ ടി.എം ചന്ദ്രന്‍, കെ. രാജന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വി.ഡി ജോസഫ്, സി.എം.പി ജില്ലാ സെക്രട്ടറി പി. കലാധരന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബി. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."