HOME
DETAILS
MAL
അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു
backup
February 27 2020 | 03:02 AM
പാരിസ്: ചൈനയില്‍ രോഗവ്യാപനം കുറയുന്നതിനിടെ കൊറോണ വൈറസ് (കോവിഡ് 19) യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങി. അഞ്ചു യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ 41 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ രണ്ടാമത്തെ കൊറോണ മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 60കാരനാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ 80കാരനായ ചൈനീസ് വിനോദസഞ്ചാരി ഫ്രാന്‍സില്‍ വച്ച് മരിച്ചിരുന്നു. രാജ്യത്ത് മൂന്നുപേര്‍ക്ക് രോഗം പുതുതായി സ്ഥിരീകരിച്ചു.
ഇറ്റലിയിലെ ലംബാര്‍ഡി സന്ദര്‍ശിച്ചവരിലൂടെയാണ് യൂറോപ്പിലേക്ക് വൈറസ് പടര്‍ന്നത്. ഫ്രാന്‍സിനു പുറമെ, സ്പെയിന്, ആസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 30 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ നാലു കുട്ടികളുള്‍പ്പെടെ 323 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇറ്റലിക്കാരനായ ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചതോടെ ആസ്ട്രിയയിലെ ആല്‍പ്സിലെ നക്ഷത്ര ഹോട്ടല്‍ പൂട്ടി. ഇറ്റലിയില്‍ നിന്നു വന്ന ഒരാള്‍ക്ക് രോഗം ബാധിച്ചതായി തെളിഞ്ഞതോടെ സ്പെയിനിലെ കോസ്റ്റ അഡേജ പാലസ് ഹോട്ടല്‍ ചൊവ്വാഴ്ച പൂട്ടിയിരുന്നു. രണ്ടു ദിവസത്തിനിടെ രണ്ട് യൂറോപ്യന്‍ ഹോട്ടലുകളാണ് കൊറോണ മൂലം പൂട്ടിയത്.
ഏഷ്യയില്‍ ദക്ഷിണ കൊറിയയിലും പശ്ചിമേഷ്യയില്‍ ഇറാനിലും വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനില്‍ 19 പേര് മരിച്ചു. ഉപ ആരോഗ്യമന്ത്രിയുള്‍പ്പെടെ 139 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.
അഫ്ഗാന്, ഇറാഖ്, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗവ്യാപനവും മരണവും കുറഞ്ഞിട്ടുണ്ട്. ഇവിടെ ഇന്നലെ 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ഇതുവരെ കൊറോണ ബാധിച്ചുള്ള ആകെ മരണം 2,715 ആയി. 80,239 പേര്‍ക്കാണ് ലോകമാകെ രോഗബാധ തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."