സഊദിയില്‍ നിക്ഷേപത്തിന് അവസരം വന്‍കിട കമ്പനികള്‍ക്ക് മാത്രം; ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം
ദമാം: രാജ്യത്ത് വിദേശനിക്ഷേപമിറക്കാനുള്ള വ്യവസ്ഥകള്‍ സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. ചില്ലറ മൊത്ത വ്യാപാര മേഖലയിലെ വിദേശനിക്ഷേപ വ്യവസ്ഥകള്‍ വാണിജ്യ കാര്യ നിക്ഷേപമന്ത്രി ഡോ: മാജിദ് അല്‍ ഖുസബിയും വ്യക്തമാക്കി. ചില്ലറ മൊത്ത മേഖലയില്‍ നിക്ഷേപമിറക്കാന്‍ ആഗോളതലത്തിലെ വന്‍കിട കമ്പനികളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ചില്ലറ മൊത്തവ്യാപാര മേഖലയില്‍ നിക്ഷേപമിറക്കാന്‍ സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ്
അതോറിറ്റി (സാജിയ) വിദേശ കമ്പനികള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. ചുരുങ്ങിയത് മൂന്നു ലോക വിപണികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കൂടാതെ രാജ്യത്ത് കമ്പനി തുടങ്ങുന്ന സമയത്ത് മൂലധനം മൂന്നു കോടി റിയാലില്‍ കുറയരുത്. മാത്രമല്ല ലൈസന്‍സ് ലഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 20 കോടി റിയാല്‍ നിക്ഷേപം നടത്തേണ്ടി വരും. കൂടാതെ തൊഴില്‍ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ തോത് പാലിക്കണം. ഉന്നത തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നതിനും തൊഴില്‍ സ്ഥിരത ഉറപ്പു വരുത്തുന്നതിനും കമ്പനികള്‍ പദ്ധതികള്‍ തയ്യാറാക്കണം തുടങ്ങിയ വ്യവസ്ഥകള്‍ വിദേശ കമ്പനികള്‍ പാലിക്കേണ്ടി വരുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി വ്യക്തമാക്കി.
പൂര്‍ണതോതിലുള്ള നിക്ഷേപക വ്യവസ്ഥകള്‍ സാജിയ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തും. പ്രാദേശികമായി വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ 30 ശതമാനം സ്വദേശത്ത് നിര്‍മിച്ചവയായിരിക്കണം. വിദേശ നിക്ഷേപം അനുവദിച്ചാല്‍ ബിനാമി ബിസിനസും മറ്റു കള്ളക്കളികളും കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 75 ശതമാനം വരെ അനുവദിച്ചിരുന്ന വിദേശനിക്ഷേപമാണ് 100 ശതമാനം പൂര്‍ണമായും നിക്ഷേപമിറക്കാന്‍ സഊദി പദ്ധതികള്‍ തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."