കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസിന്റെ പിടിപ്പു കേട്; രാഹുലിനെ കാണാന്‍ മാസങ്ങളായി സിന്ധ്യ ശ്രമിച്ചിരുന്നു
ഭോപാല്‍: രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. മാസങ്ങളായി സിന്ധ്യ രാഹുല്‍ ഗാന്ധിയെ കാണാനും സംസാരിക്കാനും ശ്രമിച്ചിരുന്നെങ്കിലും അതിന് അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്ധ്യയുടെ ബന്ധുവും ത്രിപുരയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രദ്യോദ് മാണിക്യ ദെബര്‍മ്മ.
''ജ്യോതിരാദിത്യ സിന്ധ്യ കുറേ മാസങ്ങളായി രാഹുല്‍ ഗാന്ധിയെ കാണാനായി ശ്രമിച്ചിരുന്നു. പക്ഷെ, ഓരോ അവസരങ്ങളും തഴയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തെ കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍പ്പിന്നെ എന്തിനാണ് പാര്‍ട്ടിയില്‍ തുടരേണ്ടത്?'' ദേബര്‍മ്മ പറഞ്ഞു. ത്രിപുര കോണ്‍ഗ്രസ് നേതാവായിരുന്ന ദേബര്‍മ്മയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്ത് വരികയായിരുന്നു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചപ്പോള്‍ ത്രിപുരയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനാഥരായപോലെയായി എന്നാണ് പറഞ്ഞത്. അതിന് ശേഷമാണ് തന്റെ കൂടെയുള്ള ഒരുപാട് പേര്‍ തങ്ങളുടെ രാഷ്ട്രീയം പുനപരിശോധിക്കാന്‍ തുടങ്ങിയതെന്നും ദേബര്‍മ്മ കൂട്ടിച്ചേര്‍ത്തു. ത്രിപുരയിലെ രാജകുടുംബാംഗമായ ദേബര്‍മ്മ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ത്രിപുര പി.സി.സി പ്രസിഡന്റ് പദവി രാജിവെച്ചിരുന്നു
ബി.ജെ.പി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് യുവനേതാക്കളെ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് രണ്ടുവര്‍ഷം മുമ്പേ ഞാന്‍ സിന്ധ്യയോടും രാഹുലിനോടും പറഞ്ഞിരുന്നു. രാഹുല്‍ അപ്രതക്ഷ്യനാകുകയും സിന്ധ്യ പാര്‍ട്ടിവിടുകയും ചെയ്തിരിക്കുന്നു.
ബി.ജെ.പിയും കോണ്‍ഗ്രസും അല്ലാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ ഹൃദയഭേദകമാണെന്നും ദേബര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു. ഇന്ന് സിന്ധ്യ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയില്‍ ചേരുന്നതോടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാനാണ് ബി.ജെ.പിയുടെ ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."