ശ്രീമതിയെ ക്യൂബ്രാഞ്ച് പിടികൂടിയത് രണ്ട് വര്‍ഷത്തെ നിരീക്ഷണത്തിനൊടുവില്‍
കാളികാവ്: പിടികിട്ടാപുള്ളിയായ മാവോയിസ്റ്റ് നേതാവ് ശ്രീമതിയെ വലയിലാക്കാന്‍ ക്യൂ ബ്രാഞ്ച് ചിലവഴിച്ചത് രണ്ട് വര്‍ഷം. കര്‍ണാടകത്തിലും കേരളത്തിലുമായി 22 യു.എ.പി.എ കേസുകളുള്ള ശ്രീമതി ഒരു കേസില്‍ പോലും അറസ്റ്റിലായിരുന്നില്ല. 2018 ലാണ് ശ്രീമതി കേരളത്തിലുണ്ടെന്ന് ക്യൂ ബ്രാഞ്ച് ഉറപ്പിച്ചത്. വനത്തില്‍ സ്ഥാപിച്ച രഹസ്യ കാമറയില്‍ ശ്രീമതിയുടെ ചിത്രം പതിഞ്ഞതാണ് നിര്‍ണായക വഴിത്തിരിവായത്. മാവോയിസ്റ്റ് സംഘടന യൂനിഫോമില്‍ ഭക്ഷണ സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകുന്ന ശ്രീമതിയുടെ ചിത്രമാണ് ലഭിച്ചിരുന്നത്. ഇതോടെ ശ്രീമതി കേരളത്തിലുണ്ടെന്ന് ഉറപ്പിച്ച ക്യൂ ബ്രാഞ്ച് ജീവനോടെ പിടികൂടാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീമതിയെ കോയമ്പത്തൂരിനടുത്ത ആനക്കട്ടിയില്‍ വച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് പിടികൂടിയത്.
2018 നവംബര്‍ 10 നാണ് സൈലന്റ് വാലി വനമേഖലയില്‍ സ്ഥാപിച്ച കാമറയില്‍ ശ്രീമതിയുടെ ചിത്രം പതിഞ്ഞത്. വാളക്കാട് ഒലിപ്പാറ ഭാഗത്ത് കാട്ടിലൂടെയാണ് ശ്രീമതി പോകുന്നത്. ഇതിനെ പിന്തുടര്‍ന്ന് ക്യൂ ബ്രാഞ്ച് നിരീക്ഷണം നടത്തുന്നതിനിടയിലാണ് വയനാട് മാവോയിസ്റ്റ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. പിന്നീട് അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലും ശ്രീമതിയെ പിടികൂടുന്നതിന് തടസമായി. കേരളാ പൊലിസിന്റെ ശ്രദ്ധ പൂര്‍ണമായും ഏറ്റുമുട്ടല്‍ വിഷയത്തിലായി.
തമിഴ്‌നാടിന്റെ രഹസ്യ സേനയായ ക്യൂ ബ്രാഞ്ച് ശ്രീമതിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ ശ്രീമതിയും ഉണ്ടായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. രക്ഷപ്പെട്ടതിന് ശേഷം ആനക്കട്ടി ചെക് പോസ്റ്റിന് സമീപത്തെ വീടുകളില്‍ മാറി മാറി താമസിച്ച് വരുകയായിരുന്നു. ചത്തീസ്ഗഢ് സ്വദേശിയായ ദീപക് എന്ന ചന്തു തമിഴ്‌നാടിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായതോടെയാണ് ക്യൂ ബ്രാഞ്ച് പാലക്കാട് കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.
രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും അതീവ രഹസ്യ സ്വഭാവമുള്ള കൊടും കുറ്റവാളിയെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്നാണ് ക്യൂ ബ്രാഞ്ച് പറയുന്നത്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ കേസുകളുള്ള കേരളത്തിനും കര്‍ണാടകത്തിനും ശ്രീമതിയെ കൈമാറുകയുള്ളു. തമിഴ്‌നാടില്‍ സ്വതന്ത്ര ചുമതലയുള്ള ക്യൂ ബ്രാഞ്ചില്‍ നേരിട്ടാണ് അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ കൈകാര്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."