വിവാഹവാഗ്ദാനം നല്കി സഹപാഠിയെ പീഡിപ്പിച്ചയാള്‍ നാലു വര്‍ഷത്തിനു ശേഷം പിടിയില്‍
നെടുമ്പാശ്ശേരി: വിവാഹ വാഗ്ദാനം നല്കി സഹപാഠിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്ത കേസിലെ പ്രതി നാലുവര്‍ഷത്തിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. കോട്ടയം കങ്ങഴ പതലുപുരയിടത്ത് അബ്ദുള്‍ അമീന് (27)ആണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. മംഗലാപുരം സുള്ളിയയില്‍ എന്‍ജിനിയറിംഗിന് പഠിക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശിനിയായ സഹപാഠിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. ദക്ഷിണ കന്നട എസ്.പിക്ക് കീഴിലുള്ള പുത്തൂര്‍ പൊലിസാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പഠന ശേഷം കുറച്ചുകാലം കൂടി സൗഹൃദം തുടര്‍ന്നെങ്കിലും പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പെണ്‍കുട്ടി പുത്തൂര്‍ പൊലിസില്‍ പരാതി നല്‍കിയെന്നറിഞ്ഞതോടെ പ്രതി സഊദിയിലേക്ക് കടക്കുകയും അവിടെ എന്‍ജിനിയറായി ജോലി ചെയ്യുകയുമായിരുന്നു. ഇതിനിടെ ദക്ഷിണ കന്നട എസ്.പി ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ഇന്നലെ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ പിടിയിലായത്. നെടുമ്പാശ്ശേരി പൊലിസിന് കൈമാറിയ പ്രതിയെ പുത്തൂര്‍ പൊലിസ് എത്തി കര്‍ണാടകയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."