ചോരകൊണ്ടെഴുതിയ ചരിത്രങ്ങള്‍
ചരിത്രാതീത കാലം മുതല്‍ മലബാറിന്റെ തീരങ്ങളില്‍ വിദേശകപ്പലുകള്‍ വന്നും പോയും കൊണ്ടിരുന്നു. ചൈന, അറബ്, പേര്‍ഷ്യ, സിലോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും കോഴിക്കോടിനെ ലക്ഷ്യംവച്ച് കപ്പല്‍ച്ചാലുകള്‍ കീറി. കച്ചവടം ചെയ്തും ചരക്കുകള്‍ കയറ്റിയും ഇറക്കിയും ഈ പ്രക്രിയ തുടര്‍ന്നു. കോഴിക്കോടിന്റെയും സാമൂതിരിയുടെയും പ്രശസ്തി മൂന്നു സമുദ്രങ്ങളിലും അലയടിച്ചു.
നാളിതുവരെയുള്ള യാത്രകളില്‍ കര കാണാതെ ആണ്ടുപോയവര്‍, ദിശ തെറ്റി മഞ്ഞുമലകളില്‍ ഇടിച്ചു തകര്‍ന്നവര്‍, പൈശാചികമായി കടലില്‍ കൊലചെയ്യപ്പെട്ടവര്‍... അതു വിജയങ്ങളുടേതു മാത്രമല്ല, വേദനയുടെയും വേരറ്റുപോകലിന്റേതും കൂടിയാണ്.
അതിനിടെ ചൈനക്കാര്‍ അപ്രത്യക്ഷരായി. നൂറ്റാണ്ടുകളോളം കടല്‍വ്യാപാരത്തെ അറബികള്‍ നിയന്ത്രിച്ചു. അങ്ങനെയൊരു നാളിലാണ് സമുദ്രയാത്രകള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്നു ചരിത്രത്തത്തെ മറിച്ചിടാനും സമുദ്രത്തെ ഉഴുതുമറിക്കാനുമായി വാസ്‌കോഡി ഗാമയും കൂട്ടരും കാപ്പാട് കപ്പലിറങ്ങുന്നത്. അതു മലബാറിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശാക്തിക ബലാബലങ്ങളുടെ അടിത്തറയിളക്കുന്ന അപായ മുന്നറിയിപ്പായിരുന്നു.
അതുവരെ അറബിക്കടലിന്റെ ദിശകളില്‍ അറബി അധികാരത്തിന്റെ പരുക്കന്‍ ശബ്ദമായിരുന്നു മുഴങ്ങിയിരുന്നത്. അവരുടെ രാഷ്ട്രീയ, സൈനിക ആധിപത്യത്തിന്റെ കാലത്തും അതിനു മുന്‍പും. ഗാമയുടെ വരവോടെ അറബിക്കടലില്‍ അറബിക്കപ്പലുകളുണ്ടാക്കിയ ഓളങ്ങള്‍ക്കു മുന്‍പില്‍ ചോദ്യചിഹ്നങ്ങളുയര്‍ന്നു. കോഴിക്കോടിന്റെ തീരങ്ങളിലെ കച്ചവടക്കുത്തകയും സാമൂഹിക ജീവിതവും ഈ അപായ സൂചനകളുടെ ഓളങ്ങള്‍ക്കുള്ളിലായി.
കടലില്‍ കുഞ്ഞാലി, കരയില്‍ സാമൂതിരി
സാമൂതിരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കോഴിക്കോട് കച്ചവടം ചെയ്യാനുള്ള അനുവാദം കിട്ടിയെങ്കിലും ഗാമ ഉദ്ദേശിച്ചത് വകവച്ചുകൊടുക്കാന്‍ സാമൂതിരി തയാറായില്ല. അതോടെ പോര്‍ച്ചുഗീസുകാര്‍ പൈശാചികതയുടെ നീതിരഹിതമായ അധ്യായങ്ങള്‍ വാളിനാല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.
1500ല്‍ കബ്രാളും 1502ല്‍ ഗാമയും മലബാറിന്റെ കരയിലും കടലിലും നടത്തിയ നിഷ്ഠൂരമായ ആക്രമണങ്ങള്‍ പൈശാചിക ഹൃദയങ്ങള്‍ക്കു മാത്രം ചെയ്യാനാവുന്നതായിരുന്നു. നിഷ്ഠൂരമായ പോര്‍ച്ചുഗീസ് ആക്രമണങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന പ്രതിരോധത്തിന്റെ പേരിലാണ് കുഞ്ഞാലിമാര്‍ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. പോര്‍ച്ചുഗീസ് ആഗമനം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ കുഞ്ഞാലിമാരെ ചരിത്രാധ്യായങ്ങളില്‍ തിളക്കത്തോടെ കാണാന്‍ സാധിക്കുമായിരുന്നില്ല. സമാധാനപരമായ കച്ചവടത്തേക്കാളുപരി അധിനിവേശമോഹം തളിരിടുകയും ക്രൂരമായ ചെയ്തികള്‍ക്ക് അതു വഴിതുറക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞാലിമാര്‍ പിറന്നത്.
കുഞ്ഞാലിമാര്‍, കരകവിഞ്ഞ വീര്യം
കുഞ്ഞാലിമാരുടെ പോരാട്ടവീര്യത്തിന്റെ വേരുകള്‍ പരതുമ്പോള്‍ മധ്യകാല അറബ് രണോത്സുകതയിലേക്കായിരിക്കും ചെന്നെത്തുക. പിറന്ന നാടിനും സാമൂതിരിക്കും വേണ്ടി അവര്‍ മലബാറിന്റെ കടലിലും സിലോണ്‍ മുതല്‍ ഗുജറാത്ത് വരെയും പോരാട്ടത്തിനുള്ള വേദിയാക്കി. രണ്ട് അധികാര കേന്ദ്രങ്ങള്‍ പോലെ തോന്നിയിരുന്നുവെങ്കിലും അവസാനവാക്ക് സാമൂതിരിയുടേതായിരുന്നു. 1539ല്‍ മെഗല്‍ പെരേരയുടെ ആകസ്മികമായ നീക്കത്തിലാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍ വധിക്കപ്പെട്ടത്.
കടല്‍ ഗറില്ലാ രീതികളുടെ സംഘാടകനായിരുന്നു കുഞ്ഞാലി രണ്ടാമനും. പോര്‍ച്ചുഗീസുകാരുടെ മികച്ച ആയുധങ്ങള്‍ക്കു മുന്‍പില്‍ ദേശസ്‌നേഹത്താല്‍ തുഴഞ്ഞ ചെറുനൗകകള്‍ അവരുടെ വലിയ യുദ്ധനൗകകളെ കരിക്കട്ടകളാക്കുന്ന തീപ്പന്തങ്ങളായി മാറി.
തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല കുഞ്ഞാലി മൂന്നാമന്‍. 1571ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത് അവരുടെ നാവികാഹങ്കാരത്തിനേറ്റ ആണിയടിയായി.
വഞ്ചനയുടെ കഥ
പതിനാറാം നൂറ്റാണ്ട് മലബാറിലൂടെ കടന്നുപോയത് അതിന്റെ കരയും കടലും പ്രക്ഷുബ്ധമാക്കിയാണ്. പോര്‍ച്ചുഗീസ് കപ്പലുകളില്‍ നിന്നു സാമൂതിരിയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കാന്‍ കുഞ്ഞാലി മൂന്നാമനു മുന്നിലും പിന്നിലും കണ്ണുവയ്‌ക്കേണ്ടി വന്നു. 1594ല്‍ പന്തലായനിയില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ നടന്ന യുദ്ധവിജയത്തിന്റെ ആഘോഷത്തിനിടെ പരുക്ക് പറ്റിയാണ് ഈ പടത്തലവന്‍ എന്നെന്നേക്കുമായി വിടപറഞ്ഞത്.
തനിക്കുവേണ്ടിയും നാടിനുവേണ്ടിയും രാവും പകലും പടവെട്ടിയ കുഞ്ഞാലിയെ കണ്ടപ്പോള്‍ സാമൂതിരിയുടെ കണ്ണുകള്‍ നനഞ്ഞു. മരണത്തിനു മുന്‍പ് കുഞ്ഞാലി തന്നെക്കാണാന്‍ വന്ന സാമൂതിരിയോടായി പറഞ്ഞ വാക്കുകള്‍ എക്കാലത്തും പ്രശസ്തമാണ്.
'നമ്മുടെ വിജയത്തിനുള്ള കാരണം പടക്കോപ്പുകളും യുദ്ധസാമര്‍ഥ്യവും മാത്രമല്ല; ഐക്യവും യോജിപ്പുമാണ്. നാടിന്റെ ക്ഷേമം മാത്രമേ ശത്രുവിനെ നേരിടുമ്പോള്‍ നാമോര്‍ത്തിരുന്നുള്ളൂ. അതാണ് യുദ്ധം ജയിച്ചത്. അതു നിലനിര്‍ത്തണം'.
മുഹമ്മദ് മരക്കാര്‍ എന്ന കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തിനു മാനങ്ങള്‍ ഏറെയാണ്. പൊന്നാനിക്കോട്ടയുടെ പേരില്‍ കുഞ്ഞാലിയും സാമൂതിരിയും തമ്മിലുടലെടുത്ത നേരിയ വിള്ളലുകളെ പോര്‍ച്ചുഗീസുകാര്‍ സമര്‍ഥമായ അഞ്ചാം പത്തിയുപയോഗിച്ച് വലിയ ഗര്‍ത്തങ്ങളാക്കി മാറ്റി.
അധിനിവേശത്തിന്റെ ഉള്ളിലിരിപ്പുകള്‍ക്ക് യഥാര്‍ഥ തടസം സാമൂതിരിയല്ലെന്നും കുഞ്ഞാലിയാണെന്നും അവര്‍ മനസിലാക്കിയിരുന്നു. ഐബീരിയന്‍ ഉപദ്വീപിലേക്കു പടഹധ്വനിയുമായി പാഞ്ഞുകയറി വന്ന ബെര്‍ബെറുകളുടെ തലപ്പാവിലെ സാദൃശ്യം കോട്ടക്കലെ കുഞ്ഞാലിയിലും കണ്ടിരിക്കാം.
കുഞ്ഞാലിക്കെതിരായ സംയുക്ത ആക്രമണത്തിന്റെ സൂചനയായി ഇരിങ്ങല്‍ പാറയുടെ മുകളില്‍ നിന്ന് ഉയര്‍ത്തിക്കാട്ടിയ തീപ്പന്തം തകര്‍ത്തെറിഞ്ഞത് കുഞ്ഞാലിയുടെ ജീവന്‍ മാത്രമായിരുന്നില്ല, നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന വിശ്വാസത്തിന്റെയും കോഴിക്കോടിന്റെ മഹത്തായ നാവിക പാരമ്പര്യത്തിന്റെയും കൂടിയായിരുന്നു.
അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ രക്തപങ്കിലമായ അധ്യായങ്ങള്‍ വഞ്ചനയുടെയും വശത്താക്കലിന്റെയും ഒറ്റിക്കൊടുക്കലിന്റെയും പ്രലോഭനങ്ങളുടെയും കൂടിയായിരുന്നു.
ഒടുവിലത്തെ രക്തനക്ഷത്രം
1599ല്‍ കോട്ടക്കലെ കുഞ്ഞാലിയുടെ കോട്ട ഉപരോധിച്ച് ആക്രമണം നടത്തിയപ്പോള്‍ സര്‍വശക്തിയുമുപയോഗിച്ച് കുഞ്ഞാലി നടത്തിയ പ്രത്യാക്രമണം പോര്‍ച്ചുഗീസ് പാളയങ്ങളില്‍ നാശവും നിരാശയും വരുത്തി. നിഷ്പ്രയാസം കുഞ്ഞാലിയുടെ തകര്‍ച്ച കണക്കുകൂട്ടിയ പറങ്കികള്‍ക്കു തെറ്റി. കുഞ്ഞാലിയുടെ അവസാനത്തെ ആളിക്കത്തലായിരുന്നു അത്.
ഗോവയിലേക്കും കൊച്ചിയിലേക്കും പരാജയ സന്ദേശം പാഞ്ഞു. തുടര്‍ന്ന് 1600 മാര്‍ച്ച് ഏഴിനു വന്‍ സന്നാഹത്തോടെ ഫുര്‍ത്താഡോയുടെ നേതൃത്വത്തില്‍ മരക്കാര്‍ കോട്ടയ്ക്കു നേരെ ഭീകരമായ ആക്രമണമഴിച്ചുവിട്ടു. ആയുധ സജ്ജരായ ഇത്രയും വലിയ സൈന്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നു കുഞ്ഞാലിക്ക് മനസിലായപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ക്ക് മുന്‍പില്‍ താന്‍ മുട്ടുമടക്കില്ലെന്നും രാജാവായ സാമൂതിരിക്ക് മുന്‍പില്‍ കീഴടങ്ങാമെന്നും കുഞ്ഞാലി അറിയിച്ചു.
സാമൂതിരി നല്‍കിയ ഉറപ്പിനു പുറത്ത് 1600 മാര്‍ച്ച് 16ന് താഴ്ത്തിപ്പിടിച്ച വാളുമായി കോട്ടയ്ക്ക് പുറത്തുവന്ന് വാള്‍ സാമൂതിരിക്കു സമര്‍പ്പിച്ച് മുഹമ്മദ് മരക്കാര്‍ എന്ന കുഞ്ഞാലി നിരായുധനായി നിന്നു.
നീചമായ പിന്നാമ്പുറ നാടകങ്ങളിലൂടെ മാത്രമാണ് ഈ ദേശസ്‌നേഹിയായ പോരാളിയെ ചങ്ങലകളില്‍ ബന്ധിക്കാനായത്. പിറന്ന നാടിനു വേണ്ടി കുഞ്ഞാലിമാര്‍ നടത്തിയ ഈ പോരാട്ടം ചോരകൊണ്ടെഴുതിയ ചരിത്രത്തിന്റെ പോര്‍ നിലങ്ങളില്‍ എന്നും മായാതെ കിടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."