ചാലക്കുടി പുഴക്ക് കുറുകെ താല്‍ക്കാലിക തടയണ നിര്‍മാണം പൂര്‍ത്തീകരിച്ചു
മാള: കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെയുള്ള ഉപ്പുവെള്ളം കയറുന്നത് തടയാനായി താല്‍ക്കാലിക തടയണ നിര്‍മാണം പൂര്‍ത്തീകരിച്ചു. ചാലക്കുടി പുഴക്ക് കുറുകെ തടയണയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് തടയണയുടെ ഉയരം കൂട്ടുകയും ചെയ്തു. പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കരകോഴി തുരുത്തുമായി ബന്ധിപ്പിച്ചാണ് മണല്‍ ബണ്ട് നിര്‍മിച്ചിരിക്കുന്നത്.
ഉപ്പു വെള്ളമെത്തുന്നതിന് പരിഹാരമായുള്ള ബണ്ട് നിര്‍മാണം പല കാരണങ്ങളാല്‍ ഇടക്കിടെ നിലച്ചതിനാല്‍ മൂന്നാഴ്ചയിലേറെ കഴിഞ്ഞാണ് തീര്‍ന്നിരിക്കുന്നത്. മേല്‍ഭാഗത്ത് പതിനഞ്ചടിയിലേറെ വീതി വരുന്ന തരത്തിലാണ് ബണ്ട് നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനങ്ങള്‍ ഓടിക്കുകവരെ ചെയ്യാനാകും.
ചെറിയൊരു ഉല്ലാസ കേന്ദ്രമായി ഇപ്പോള്‍ തന്നെ ഈ തടയണ മാറിയിട്ടുണ്ട്. കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകളാണിവിടെ എത്തുന്നത്. തടയണ നിര്‍മാണത്തിനായി ജലസേചന വകുപ്പ് 16 ലക്ഷം രൂപയാണ് അടിയന്തരമായി അനുവദിച്ചത്. കഴിഞ്ഞ മാസം പകുതിയോടെയാണ് ബണ്ട് നിര്‍മാണം ആരംഭിച്ചത്. എറണാകുളം ജില്ലയിലെ കണക്കന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന ഈ തടയണയുടെ ഗുണഭോക്താക്കള്‍ തൃശൂര്‍ ജില്ലയിലാണ്. അഡ്വ.വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഇടപെട്ടാണ് ബണ്ട് നിര്‍മിക്കാന്‍ നടപടിയുണ്ടാക്കിയത്. ചാലക്കുടി പുഴയാറും പെരിയാറും സംഗമിക്കുന്ന മാഞ്ഞാലി പുഴക്ക് സമീപമാണ് തടയണ നിര്‍മാണം നടത്തിയത്. പുഴയിലേക്ക് കയറിയ ഉപ്പ് വെള്ളം ഒഴിവാക്കാന്‍ ഇനി റഗുലേറ്ററിന്റെ ഷട്ടര്‍ തുറന്ന് വിടേണ്ടതുണ്ട്. ഇങ്ങിനെ തുറക്കുന്നതോടെ ഒഴുകിയെത്തുന്ന വെള്ളം കോഴി തുരുത്ത് തോടു വഴി ഒഴുകി പെരിയാറിലെത്തും. ഇങ്ങിനെ നിരന്തരം ആവര്‍ത്തിക്കണം.
ഇതോടെ ഏതാനും വര്‍ഷത്തേക്ക് നിലനില്‍ക്കുമെന്ന് കരുതിയ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കാനാവും. ഒപ്പം റഗുലേറ്ററിന്റെ തകരാര്‍ പരിഹരിക്കുകയും വേണം. ഇതിനു പക്ഷെ നീക്കം തുടങ്ങിയിട്ടില്ല. വെള്ളത്തില്‍ ഉപ്പു കലര്‍ന്നതോടെ കിലോമീറ്ററുകള്‍ക്കകലെ പാറക്കടവ് മൂഴിക്കുളം വരെയുള്ള പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്.
നാല് ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനമാണ് ഇതോടെ നിര്‍ത്തിവച്ചിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് വെള്ളം ലഭ്യമല്ലാത്ത അവസ്ഥയിലാണ്. മേഖലയിലെ വെള്ളമില്ലായ്മ നെല്‍കൃഷിയെ ഇതിനകം ഏറെക്കുറെ ഇല്ലാതാക്കുന്ന അവസ്ഥയിലുമെത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."