ഉത്തരവാദിത്ത ടൂറിസം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി
പാലക്കാട്: ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷനാണ് ഏകദിന അവബോധ ശില്‍പശാല സംഘടിപ്പിച്ചത്.
നിലവില്‍ സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലൊഴിക്കെ ഉത്തരവാദിത്ത ട്രൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.
അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിച്ച് പദ്ധതി തയ്യാറാക്കും. പ്രദേശത്തെ ഉത്സവങ്ങള്‍, ആരാധനാലയങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, പരമ്പരാഗത തൊഴിലുകള്‍, തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കും. ഉത്തരവാദിത്ത ടൂറിസത്തിന് ആവശ്യമായ പരിശീലനം സൗജന്യമായി നല്‍കി ഓരോ മേഖലകളേയും സജ്ജമാക്കും.
കുറഞ്ഞത് അഞ്ച് പേര്‍ക്കെങ്കിലും വരുമാനം ലഭിക്കുന്ന പദ്ധതിയാണെങ്കില്‍ അതിനെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമാക്കും. ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി സബ്‌സിഡിയും നല്‍കും.ലോകത്തിന്റെ ടൂറിസം സങ്കല്‍പങ്ങള്‍ക്ക് മാറ്റം വന്നെന്നും ഇത് എക്‌സ്പീരിയന്‍സ്ഡ് ടൂറിസത്തിന്റെ കാലമാണെന്നും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പറഞ്ഞു.
ലോകത്തിലെ 68 ശതമാനം വിനോദസഞ്ചാരികളും എക്‌സ്പീരിയന്‍സ്ഡ് ടൂറിസം നടത്തുന്നവരാണ്. ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് ഇതു തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാരമേഖലയുടെ ഗുണങ്ങള്‍ സാധാരണകാര്‍ക്ക് ലഭ്യമാക്കി പരിസ്ഥിതി സംരക്ഷണം, പാരമ്പര്യ തൊഴില്‍, കല എന്നിവയുടെ സംരക്ഷണം, ദാരിദ്ര്യലഘൂകരണം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍.
നമ്മുടെ നാട്ടിലെ തനത് കലകള്‍, സംസ്‌കാരം, തൊഴില്‍, കൃഷി എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം. ഇതിനായി പ്രത്യേകം പണം ചെലവഴിക്കേണ്ടതില്ല.
കയര്‍ നിര്‍മാണം, കള്ള് ചെത്തല്‍, അമ്പെയ്ത്ത്, കുട്ടനിര്‍മാണം, തുടങ്ങിയവ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നത് എക്‌സ്പീരിയന്‍സ് ടൂറിസത്തിന്റെ ഭാഗമാണ്. ഇതിലൂടെ പരമ്പരാഗത തൊഴിലുകളെ സംരക്ഷിക്കുകയും തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കുകയും ചെയ്യാം.
കലാകാരന്‍മാര്‍ക്ക് അവരുടേതായ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പരിപാടികള്‍ അവതരിപ്പിക്കാം. ഇതിന് മുതല്‍ മുടക്കില്ലെന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിനെ ശ്രദ്ധേയമാക്കുന്നത്.
ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ എ.ആര്‍ സന്തോഷ്‌ലാല്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍, ഉത്തരവാദിത്ത ടൂറിസം ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി.എസ് കമലാസന്‍, എറണാകുളം ജില്ലാ കോഡിനേറ്റര്‍ കെ. അരുണ്‍കുമാര്‍ എന്നിവരും ശില്‍പശാലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."