വീട്ടില്‍ നിന്നു ശേഖരിച്ച് റോഡരികിലിട്ടു
എടച്ചേരി: പഞ്ചായത്ത് മുന്‍കൈയെടുത്ത് വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നാട്ടുകാര്‍ക്ക് തന്നെ വിനയാകുന്നു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശേഖരിച്ച മാലിന്യ സഞ്ചികളാണ് നീക്കം ചെയ്യാതെ റോഡരികുകളില്‍ കെട്ടിക്കിടക്കുന്നത്. ഇവ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുന്നു.
വടകര- കുറ്റ്യാടി സംസ്ഥാന പാതയില്‍ എടച്ചേരി പുതിയങ്ങാടിയിലെ ലീഗ് ഹൗസിന് സമീപമാണ് മാലിന്യം ആഴ്ചകള്‍ പിന്നിട്ടിട്ടും നീക്കം ചെയ്യപ്പെടാതെ കിടക്കുന്നത്. ഓരോ വീട്ടുടമകകളില്‍ നിന്നും ആറു മാസത്തേയ്ക്ക് 150 രൂപ വീതം ഈടാക്കിയാണ് വീട്ടുമാലിന്യങ്ങള്‍ ശേഖരിച്ചത്. അന്യസംസ്ഥാനത്തേക്ക് പുനരുപയോഗ സാധ്യതയ്ക്കായി കയറ്റി അയക്കാന്‍ പാകത്തില്‍ റോഡരികില്‍ എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത്.
ഓരോ വീട്ടിലും കെട്ടിക്കിടന്നിരുന്ന വിവിധ തരം മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് സഞ്ചികളിലാക്കി റോഡരികില്‍ നിക്ഷേപിക്കുകയായിരുന്നു.
റോഡരികുകളില്‍ ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ പതിവായി തള്ളുന്നവര്‍ ഈ സാഹചര്യം മുതലെടുത്ത് അവരുടെ മാലിന്യങ്ങളും ഇതിലേക്ക് വലിച്ചെറിയാന്‍ തുടങ്ങി. ഇതോടെ ഇവയില്‍ നിന്നും രൂക്ഷമായ ഗന്ധം വമിക്കാനും തുടങ്ങി. മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി. എന്നാല്‍ പ്രശ്‌നം രൂക്ഷമാകുന്ന മട്ടിലെത്തിയിട്ടും മാലിന്യങ്ങള്‍ കയറ്റി അയക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അതിനിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യം ശേഖരിച്ച സഞ്ചികള്‍ പൊട്ടി ഒലിച്ച് പലയിടത്തും മാലിന്യം പരന്നൊഴുകുകയും ചെയ്തു.
പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലെ റോഡരികുകളില്‍ ഇത്തരം മാലിന്യങ്ങള്‍ ദിവസങ്ങളോളം കെട്ടിക്കിടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരിങ്ങണ്ണൂര്‍ റോഡില്‍ ഉപരോധ സമരം നടന്നപ്പോള്‍ ഇത്തരം മാലിന്യക്കൂമ്പാരങ്ങളാണ് സമരക്കാര്‍ റോഡ് തടസപ്പെടുത്താന്‍ ഉപയോഗിച്ചത്. നാട്ടുകാര്‍ക്ക് ശല്യമാകുന്ന വിധം റോഡരികില്‍ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം എത്രയും പെട്ടെന്ന് നീക്കണമെന്ന് നട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."