കുണ്ടറ സംഭവത്തില്‍ പ്രതി ഉറ്റബന്ധു; അറസ്റ്റ് ഇന്നുണ്ടായേക്കും
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തെത്തുടര്‍ന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതി അടുത്ത ബന്ധുവാണെന്നു പൊലിസ്. ശാസ്ത്രീയമായ ചില തെളിവുകള്‍ കൂടി പൂര്‍ത്തിയായാല്‍ അറസ്റ്റ് ഉടനുണ്ടാകും. പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പൊലിസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഡോ. കെ. വത്സലയാണ് പൊലിസിന് മൊഴി നല്‍കിയത്. മരിക്കുന്നതിന് മൂന്നുദിവസം മുന്‍പുവരെ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടായിരുന്നുവെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.
ബന്ധുക്കളടക്കം ഒന്‍പതുപേരെ ഇന്നലെ മുന്നു സ്ഥലങ്ങളിലായാണ് പൊലിസ് ചോദ്യം ചെയ്തത്. മറ്റുള്ളവരെ വിട്ടയച്ചശേഷം പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും മാത്രമായി പൊലിസ് ചോദ്യം ചെയ്യുകയാണ്. ഇവരില്‍ പിതാവൊഴിച്ചുള്ളവര് പൊലിസുമായി സഹകരിക്കാതിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു. അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് പൊലിസില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ടു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം സംഭവത്തിന് ഉത്തരവാദികള്‍ പൊലിസും ശിശുക്ഷേമ സമിതി പോലുള്ള നിയമ സംവിധാനങ്ങളാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."