തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം: പുതിയ പഠന റിപ്പോര്‍ട്ട് തയാറാക്കുന്നു
കൊണ്ടോട്ടി:സംസ്ഥാനത്ത് ജനസംഖ്യ മുന്‍നിര്‍ത്തി പുതിയ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും രൂപീകരണത്തിനുള്ള പഠന റിപ്പോര്‍ട്ട് തയാറാക്കുന്നു. ജനസംഖ്യാനുപാതം, വാര്‍ഡുകളുടെ എണ്ണം, വലിപ്പം എന്നിവ പരിശോധിച്ചാണ് വിദഗ്ധ സമിതി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനുളള പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്. തദ്ദേശ വകുപ്പ് റൂറല്‍ സെക്രട്ടറി എം.അജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘം ജൂലൈ മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഇതുമായി ബന്ധപ്പെട്ട് സമിതി രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ 27 നഗരസഭകള്‍ രൂപീകരിച്ചിരുന്നു.
ഇതിനു ശേഷം ഇതാദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനത്തിന് പദ്ധതികളാവിഷ്‌ക്കരിക്കുന്നത്. ജനസംഖ്യ പരിശോധിച്ചാണ് പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം, പദവി ഉയര്‍ത്തല്‍ എന്നിവ നടപ്പാക്കുക. അതിര്‍ത്തികള്‍ മാറ്റുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും പരിശോധിക്കും.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍,6 കോര്‍പ്പറേഷനുകള്‍ എന്നിവയാണുളളത്.1200 തദ്ദേശ സ്ഥാപനങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പിലുളളത്. പഞ്ചായത്ത് വകുപ്പ്,നഗരകാര്യ വകുപ്പ്,ഗ്രാമ വികസന വകുപ്പ് ,നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ വരുന്ന പ്രധാന അനുബന്ധ വകുപ്പുകള്‍.
തദ്ദേശ സ്ഥാപനങ്ങളുടെ വിപുലീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഒരുമാസം മുന്‍പ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചിരുന്നു.
സമിതിയുടെ കാലാവധി മെയ് 10ന് അവസാനിച്ചിരുന്നെങ്കിലും പിന്നീട് രണ്ടുമാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടി നല്‍കിയിരിക്കുകയാണ്.ഇതിന് ശേഷം ചേര്‍ന്ന യോഗമാണ് റിപ്പോര്‍ട്ട് ജനസംഖ്യാനുപാതത്തില്‍ തയാറാക്കി രണ്ടുമാസത്തിനകം നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."