അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കും: എം.എം മണി
തൃശൂര്‍: അതിരപ്പിള്ളി പദ്ധതി അജന്‍ഡയിലുണ്ടെന്നും സമവായമാകുമ്പോള് നടപ്പാക്കുമെന്നും വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുന്നണിയില്‍ നിന്നും വിവിധ സംഘടനകളുടെ ഭാഗത്തു നിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയോടെ പദ്ധതി നടപ്പിലാക്കില്ല. എന്നാല്‍, സമവായമുണ്ടാകുമ്പോള്‍ പദ്ധതി നടപ്പിലാക്കും. കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് അതിരപ്പിള്ളിയെന്നും മന്ത്രി വ്യക്തമാക്കി.
ഉല്പാദിപ്പിക്കുന്നതിനേക്കാള് കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് കേരളം ഉപയോഗിക്കുന്നത്. അതിരപ്പിള്ളി പദ്ധതി തുടങ്ങുകയാണെങ്കില്‍ കുറച്ചുകൂടി വൈദ്യുതി ഉല്പാദിപ്പിക്കാം. പദ്ധതിക്കെതിരേ നടന് ശ്രീനിവാസന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കെ.എം മാണി പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
എതിര്പ്പുകളുന്നയിച്ചവരുടെ മനസ് മാറുന്നത് എപ്പോഴാണെന്ന് അറിയില്ല. സൗരോര്‍ജ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് കൂടുതലാണ്. ചെറുകിട ജലസേചന പദ്ധതികളാണ് സംസ്ഥാനത്തിന് അനുയോജ്യം. അതിനാല്‍ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."