കാഞ്ഞിരത്തിനാല്‍ സമരം എം.എല്‍.എക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് സമരത്തിന് പൂര്‍ണ പിന്തുണ
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമി പ്രശ്‌നത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരേ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി നടക്കുന്ന നിയമപോരാട്ടമാണ് ജോര്‍ജ്ജിന്റെ ഭൂമി പ്രശ്‌നം. 2016 ഡിസംബര്‍ ഏഴിന് വന്ന കോടതി വിധിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം എല്‍.ഡി.എഫ് സര്‍ക്കാരിനും തനിക്കുമെതിരെ ചിലര്‍ പ്രത്യേക താല്‍പര്യത്തോടെ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി സര്‍ക്കാര്‍ തീരുമാനിക്കുന്നതു പോലെ മാറ്റാന്‍ സാധിക്കില്ല. വിജിലന്‍സും വയനാട് സബ്കലക്ടറും തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അര്‍ഹതപ്പെട്ട ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുതകള്‍ കോടതിയെ അറിയിക്കുന്നതിനുള്ള നിയമ നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്.
ഇതിനുവേണ്ട എല്ലാ സഹായവും ജോര്‍ജ്ജിന് നല്‍കാന്‍ തയാറാണ്. കോടതി വിധി എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും എം.എല്‍.എയുടെയും തലയില്‍ കെട്ടിവെക്കാനുള്ള നീക്കം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ എന്ന നിലയില്‍ കല്‍പ്പറ്റ കലക്ടറേറ്റിനു മുന്നില്‍ ജയിംസ് നടത്തുന്ന സമരത്തെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കി. പിന്നീട് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ മാനന്തവാടി സബ്കലക്ടറെ ചുമതലപ്പെടുത്തി.
സബ്കലക്ടര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. ആ റിപ്പോര്‍ട്ടില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് പ്രസ്തുത ഭൂമിയില്‍ അവകാശം ഉണ്ടെന്ന് പറയുന്നുമുണ്ട്. ഈ റിപ്പോര്‍ട്ട് കോടതിയ്ക്കു മുന്‍പില്‍ എത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അതിന് സര്‍ക്കാരിനെയും തന്റെയും ഭാഗത്തു നിന്നും മുഴുവന്‍ പിന്തുണയുമുണ്ടാകുമെന്നും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ് നേതാക്കളായ വിജയന്‍ ചെറുകര, പി.കെ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എക്കൊപ്പം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."