ഭര്‍തൃമതിക്കു നേരെ അക്രമം: കോടതി റിപ്പോര്‍ട്ടാവശ്യപ്പെട്ടു
കോഴിക്കോട്: യുവതിയെ അക്രമിച്ച കേസിന്റെ അന്വേഷണം സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം. കാരാപ്പറമ്പ് കോളയാടത്ത് വീട്ടില്‍ താമസിക്കുന്ന 21 കാരിയായ ഭര്‍തൃമതിയുടെ ഹരജിയിലാണ് 29ന് റിപ്പോര്‍ട്ട് നല്‍കാന്‍ നടക്കാവ് പൊലിസിനോട് എരഞ്ഞിപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.
2016 ഒക്‌ടോബര്‍ 17ന് യുവതിയെ അയല്‍വാസികളായ യുവാക്കള്‍ ചേര്‍ന്ന് അക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. അക്രമത്തില്‍ പരുക്കേറ്റ യുവതി 10 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഡി.ജി.പിക്ക് പരാതികൊടുത്തിട്ടും നടക്കാവ് സ്‌റ്റേഷനിലെ ഒരു എ.എസ്.ഐ പ്രാഥമിക അന്വേഷണം നടത്തിയതല്ലാതെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് യുവതി നല്‍കിയ ഹരജിയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് എതിരെയുള്ള പരാതിയില്‍ 60 ദിവസത്തിനുള്ളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കണമെന്ന ഡി.ജി.പിയുടെ നിര്‍ദേശം കാറ്റില്‍പറത്തിയിരിക്കുകയാണെന്നും യുവതി നല്‍കിയ ഹരജിയില്‍ പറയുന്നു. യുവതിയ്ക്കു വേണ്ടി അഡ്വ. മഞ്ചേരി എസ് സുന്ദര്‍രാജ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."