റോഡില്‍ മാലിന്യം കുമിയുന്നു; നിസഹായരായി കൗണ്‍സിലര്‍മാര്‍
പാലക്കാട്: നഗരത്തിലെ സ്റ്റേഡിയം സ്റ്റാന്‍ഡിനുസമീപമുള്ള വാലിപ്പറമ്പ് റോഡില്‍ മാലിന്യം വലിച്ചെറിയാന്‍ തുടങ്ങിയതോടെ പ്രദേശവാസികളും കൗണ്‍സിലര്‍മാരും നിസഹായരായിരിക്കുകയാണ്. നഗരം വൃത്തികേടാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് നഗരവാസികള്‍ തന്നെയാണെങ്കിലും ഇവിടത്തെ മാലിന്യകൂമ്പാരത്തിനു പിറകില്‍ പുറത്തുനിന്നുള്ളവരാണ് എന്നാണ് ആക്ഷേപമുയരുന്നത്.
നഗരത്തില്‍ റോഡു വൃത്തിയാക്കാന്‍ നഗരസഭയുടെ ശുചീകരണതൊഴിലാളികള്‍ ഇറങ്ങുന്നത് വല്ലപ്പോഴുമാണ്. എന്നാല്‍ ഇവര്‍ കുപ്പയെല്ലാം എടുത്തുപോയാലും വീണ്ടും പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമീപത്തുനിന്നും കുന്നത്തൂര്‍മേടിലേക്ക് പോകുന്ന ഭാഗത്തുള്ള 22-23 വാര്‍ഡുകളില്‍പ്പെട്ട് പ്രദേശങ്ങളാണ് മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനു പുറമെ പാളയപേട്ട, മാതാകോവില്‍ റോഡ്, കുന്നത്തൂര്‍മേട് പഴയ പോസ്റ്റാഫീസ് പരിസരം എന്നിവിടങ്ങളും മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ്.
മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിന്റെ പരിസരവും മാലിന്യം തള്ളല്‍ വ്യാപകമായിരിക്കുകയാണ്. വാലിപ്പറമ്പ് റോഡില്‍ സി.വി.എന്‍ കളരിയുടെ മതിലിനു സമീപത്തും മാലിന്യം തള്ളുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇതിനു പിന്നില്‍ പ്രദേശവാസികളെല്ലെന്നും രാത്രികാലങ്ങളില്‍ പുറത്തുനിന്നും വരുന്നവരുമാണെന്നാണ് കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം വാലിപ്പറമ്പ് ജങ്ഷനു സമീപം 23 ാം വാര്‍ഡില്‍ ഉള്‍പ്പെട്ട മാലിന്യസംഭരണ കേന്ദ്രം ഒഴിവു ദിവസങ്ങളിലൊഴികെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിലെ മാലിന്യം നഗരസഭാ തൊഴിലാളികള്‍ കൃത്യമായി നീക്കം ചെയ്യാറുണ്ട്. എന്നാല്‍ സമീപത്തെ കോളനിക്കാരില്‍ പലര്‍ക്കും ഇവിടെ മാലിന്യം എത്തിക്കാന്‍ മടിയുള്ളതിനാല്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതായിട്ടാണ് പറയപ്പെടുന്നത്.
റോഡരികില്‍ മാലിന്യസഞ്ചികള്‍ പെരുകുന്നതു മൂലം കാക്കകള്‍ കൊത്തിവലിക്കുന്നതും പ്രദേശത്തെ നായകളുടെയും കന്നുകാലികളുടെയും വിഹാര കേന്ദ്രമായിരിക്കുകയാണ്. ഈ വാര്‍ഡുകളുടെ പരിധിയില്‍ വിവേകാനന്ദാ കോളനി, എം.എന്‍ കോളനി, എ.ആര്‍. നായര്‍ കോളനി എന്നിവിടങ്ങളിലായി നിരവധി വീടുകള്‍ ഉണ്ടെങ്കിലും ഇവിടങ്ങളിലൊന്നും മാലിന്യം നിക്ഷേപിക്കുന്നില്ല.
കോളനിക്കാരുടെ യോഗം വിളിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വീണ്ടുംപ്രദേശത്തെ മാലിന്യനിക്ഷേപം തുടരുകയാണ്. മാലിന്യം വലിച്ചെറിയുന്ന പലരെയും തെളിവു സഹിതം നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഏല്‍പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കണ്ണടയക്കുകയാണെന്നാണ് കൗണ്‍സിലര്‍മാരും പ്രദേശവാസികളും പറയുന്നത്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനായിട്ട് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയെ നിവര്‍ത്തിയുള്ളൂ എന്നാണ് കൗണ്‍സിലര്‍മാരും പ്രദേശവാസികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."