ഭരണകൂടം ആത്മഹത്യക്കു പ്രേരണയാകരുത്
ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചു നിരന്തരം സര്‍ക്കാര്‍ ഓഫിസുകളുടെ പടികള്‍ കയറിയിറങ്ങി മടുത്ത് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ മൂന്നുദിവസം മുന്‍പാണ് ജീവനൊടുക്കിയത്.
ആരോഗ്യവകുപ്പില്‍നിന്നു പിരിച്ചുവിടപ്പെട്ടയാളായിരുന്നു കാസര്‍കോട് സ്വദേശിയായ ജഗദീഷ്. ഒരു വര്‍ഷം ജോലിയെടുത്തതിനു നല്‍കേണ്ട ശമ്പളം നല്‍കാതെയാണു ജഗദീഷ് ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടത്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പല വകുപ്പുകളിലും ജീവനക്കാരെ എടുക്കാറുണ്ട്. കാലാവധി കഴിയുമ്പോള്‍ അവരെ പിരിച്ചുവിടാറുമുണ്ട്.
എന്നാല്‍, ചെയ്ത ജോലിക്കു കൂലി നല്‍കാതെ അവരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതു മനുഷ്യപ്പറ്റില്ലായ്മയും ക്രൂരതയുമാണ്.
ജീവിതം വഴിമുട്ടി അന്നന്നത്തെ അന്നത്തിനുപോലും വകയില്ലാത്ത സാഹചര്യമുണ്ടായപ്പോഴാണു ജഗദീഷ് ജീവിതമൊടുക്കിയത്. ആരോഗ്യവകുപ്പില്‍ മാത്രമല്ല, ജഗദീഷിനെപ്പോലെ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും പിരിച്ചുവിട്ടിട്ടും ഇനിയും ശമ്പളം ലഭിക്കാത്ത ഒരുപാടു താല്‍ക്കാലിക ജീവനക്കാരുണ്ട്. ഇനിയും അവരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടായില്ലെങ്കില്‍ കൂടുതല്‍ പേര്‍ ജഗദീഷ് പോയ വഴി സ്വീകരിക്കും. ഇനി ഒരു കുടുംബത്തിന്റെയും കണ്ണീര്‍വീഴാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കരുത്.
അജയ് എസ്. കുമാര്‍,
പ്ലാവോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."