നിലം നികത്തിയത് ക്രമപ്പെടുത്തല്‍: കൃഷിഭവനുകള്‍ സ്വീകരിച്ച അപേക്ഷകളില്‍ ഒരു നടപടിയുമില്ല
തിരുവനന്തപുരം: നികത്തിയ നിലം ക്രമപ്പെടുത്തുന്നതിനായി കൃഷിഭവനുകള്‍ സ്വീകരിച്ച അപേക്ഷകളിന്‍മേല്‍ ഒരു നടപടിയുമില്ല. ഇതുകാരണം നെല്‍വയല്‍ ഡാറ്റാ ബാങ്ക് രൂപീകരണം അനിശ്വിതത്വത്തിലായി.
തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നികത്തിയ നിലം രേഖകളില്‍ കരഭൂമിയാക്കുന്നതിനായി സംസ്ഥാനത്തെ കൃഷി ഓഫിസുകള്‍ വഴി ലഭിച്ചത് 2,01364 അപേക്ഷകളാണ്. സ്വീകരിച്ച അപേക്ഷകള്‍ എന്തു ചെയ്യണമെന്നറിയാതെ കൃഷിഭവനുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഓരോ ജില്ലയിലും ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചശേഷം ഈ സ്ഥലങ്ങളുടെ സാറ്റലൈറ്റ് ചിത്രം പരിശോധിച്ച് 2008ല്‍ ഈ ഭൂമിയുടെ സ്ഥിതി എന്തായിരുന്നെന്നു കണ്ടെത്തുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൃഷി ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫിസര്‍ എന്നിവരടങ്ങിയ സമിതി അന്തിമ തീരുമാനമെടുക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുന്നത് എങ്ങുമെത്തിയിട്ടില്ല.
സാറ്റലൈറ്റ് ചിത്രങ്ങളെടുക്കുന്നതിന് കെ.എസ്.ആര്‍.എ.സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അത് വൈകുന്നതാണ് നടപടികളില്‍ കാലതാമസമുണ്ടാക്കുന്നതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഈ പ്രവര്‍ത്തനം തടസ്സപ്പെട്ട സാഹചര്യത്തില്‍ അത്യാവശ്യക്കാര്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ച് 1500രൂപ ഫീസടച്ച് സാറ്റലൈറ്റ് സര്‍വേ വേഗത്തിലാക്കാമെന്ന നിര്‍ദേശം കൃഷിവകുപ്പില്‍ വന്നെങ്കിലും അത് കൃഷിഭവനുകളിലേക്ക് ഇതുവരെ ഉത്തരവായി നല്‍കിയിട്ടില്ല.
അധികാരത്തിലെത്തി ആറുമാസത്തിനകം നെല്‍വയല്‍ സംരക്ഷണത്തിന് സമഗ്രവും ആധികാരികവുമായ ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്നായിരുന്നു ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും അതിനുള്ള നടപടികള്‍ ഇഴയുകയാണ്.
സാറ്റലൈറ്റ് റിമോര്‍ട് സെന്‍സിങ് ഏജന്‍സിയായ കെ.എസ്.ആര്‍.എ.സി ഏറ്റെടുത്ത 159 പഞ്ചായത്തുകളില്‍ ഇരുപത്തിയഞ്ചില്‍ താഴെ എണ്ണത്തിന്റെ സര്‍വേ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാനായത്. വീട് വയ്ക്കുന്നതിനുള്‍പ്പെടെ അപേക്ഷ നല്‍കിയവരാണ് ഡാറ്റാ ബാങ്ക് പൂര്‍ത്തീകരണവും കാത്തിരിക്കുന്നത്.
2008ല്‍ നിലവില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സംബന്ധിച്ചുണ്ടായ പരാതികള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. 2008നു മുന്‍പു നികത്തിയ ഭൂമി വിപണിവിലയുടെ 25 ശതമാനം പിഴ അടച്ചു ക്രമപ്പെടുത്താന്‍ അനുമതി നല്‍കുന്ന ഈ ഭേദഗതി വന്‍കിടക്കാര്‍ ദുരുപയോഗം ചെയ്തുവെന്നു വിലയിരുത്തിയ ഇടതുസര്‍ക്കാര്‍ റദ്ദാക്കി പുതിയ ഭേദഗതി കൊണ്ടുവന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കുന്നതിനുള്‍പ്പെടെ ഡാറ്റാ ബാങ്ക് അത്യാവശ്യമായിരിക്കുമ്പോഴാണ് ഇക്കാര്യം അനന്തമായി നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."