പരിസ്ഥിതി സൗഹൃദവുമായി കല്ലടിക്കോട് ജനമൈത്രി പൊലിസ് സ്റ്റേഷന്‍
കല്ലടിക്കോട്: ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന പേപ്പര്‍ ഹരിതപേനക്ക് പിന്തുണയുമായി കല്ലടിക്കോട് ജനമൈത്രി പൊലിസ് സ്റ്റേഷന്‍. ഇതിന്റെ ഭാഗമായി ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി സൗഹൃദ വിത്ത്‌പേനകള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് സ്റ്റേഷന്‍ അധികൃതര്‍. ഇതിനായുള്ള വിത്ത്‌പേനകള്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ എസ്.ഐ മനോജ് കെ. ഏറ്റുവാങ്ങും.
പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് വച്ചിരിക്കുന്നത് കൊണ്ടാണ് ഇവ വിത്ത് പേനകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഉപേക്ഷിക്കുന്ന പേനയുടെ അറ്റത്തുള്ള വിത്ത് അനുകൂല കാലാവസ്ഥ ലഭിച്ചാല്‍ മുളപൊട്ടും. പ്ലാസ്റ്റിക് പേന ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നു. ഇതിന് അല്‍പമെങ്കിലുംപരിഹാരമായാണ് പേപ്പര്‍പേനയെ കാണുന്നത്.കൂടാതെ വീല്‍ ചെയറിലിരുന്നും രോഗ കിടക്കയില്‍ കിടന്നും ഇവ നിര്‍മിക്കുന്ന സഹോദരങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങുമാണ് ഇത്തരം വിത്ത് പേനകള്‍.
കല്ലടിക്കോട് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെയും ലയണ്‍സ് ക്ലബിന്റെയും സേവന ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 'പൂവുകള്‍ പാടുമ്പോള്‍' എന്ന പരിസ്ഥിതി ഗാനത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ഥികളും സ്റ്റുഡന്റസ് പൊലിസും ജനമൈത്രി സമിതി അംഗങ്ങളും പരിസ്ഥിതി പ്രവര്‍ത്തനത്തിനിറങ്ങും.
കൂടാതെ കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി 'എന്റെ മരം' എന്ന ആശയം മുന്‍നിര്‍ത്തി വൃക്ഷത്തൈ വിതരണവും പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണ റാലിയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."