വിവരാവകാശത്തിന് മറുപടി ലഭിച്ചത് അഞ്ചുവര്‍ഷത്തിന് ശേഷം
മാനന്തവാടി: 2012ല്‍ വിവരവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ലഭിച്ചത് അഞ്ചുവര്‍ഷത്തിന് ശേഷം. 2012 ഏപ്രില്‍ ഒന്‍പതിന് കോറോം കടയിങ്കല്‍ ഹിഷാം തൊണ്ടര്‍നാട് പഞ്ചായത്തില്‍ റിസര്‍വേ 966 ല്‍പ്പെട്ട സ്ഥലത്ത് ക്വാറി പ്രവര്‍ത്തിക്കുന്നത് അനുമതിയോടെയാണോ എന്നായിരുന്നു വിവരാവകാശ പ്രകാരം ചോദിച്ചത്. ഇതിനുള്ള മറുപടി എല്‍ 220 706 2013 കെ.ഡി.എസ് നമ്പര്‍ പ്രകാരം 2017 മാര്‍ച്ച് 23നാണ് മറുപടി നല്‍കിയിരിക്കുന്നത്. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറാണ് മറുപടി നല്‍കിയിരിക്കുന്നത്.
2012ലെ ചോദ്യത്തിനുള്ള മറുപടിയില്‍ 15.1.16ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ചെറുകിട ധാതുക്കള്‍ ഖനം ചെയ്യുന്നതിന് അനുമതി വേണമെന്നും ലീസ് ഭൂമിയിലല്ലാത്ത ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ ഉത്തരവ് നല്‍കിയെന്നുമാണ്. വിവരാവകാശം ചോദിച്ചതിന് മറുപടി ലഭിക്കാത്തതിനാല്‍ പരാതിക്കാരന്‍ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് ക്വാറി പ്രവര്‍ത്തനം തടയുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ക്വാറി പ്രവര്‍ത്തിക്കാതായിട്ട്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുമെന്ന് ഹിഷാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."