മിന തമ്പുകളിലെ ഹാജിമാരുടെ താമസ സംവിധാനം വിപുലീകരിക്കുന്നു; പഠനത്തിനായി സമിതി
മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ മിനയിലെ താമസ സംവിധാനം വിപുലീകരിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിനായി പഠനം നടത്താനും താമസ സംവിധാനം വിപുലീകരിക്കുന്നതിനു ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാനും പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കാന്‍ മക്ക ഡെപ്യുട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.
മിനായില്‍ തമ്പുകളിലെ തീര്‍ത്ഥാടകരുടെ താമസ നിലവാരം മെച്ചപ്പെടുത്തുന്നതിനു സമിതിക്ക് മുന്നില്‍ ലഭിച്ച നിര്‍ദേശങ്ങളില്‍ വിശദമായ പഠനം നടത്തി തീരുമാനം കൈകൊണ്ട് ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ചുമതല.
കഴിഞ്ഞ വര്‍ഷം ഹജ്ജിനിടെ ഉണ്ടായ മുഴുവന്‍ പ്രശ്‌നങ്ങളും ഈ വര്‍ഷം ഒഴിവാക്കണമെന്നും ഇതില്‍ പഠനം നടത്തി പരിഹാരം കാണാനായി കര്‍മ്മ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മിനായിലെ തമ്പുകളില്‍ സന്ദര്‍ശനം നടത്തിയാണ് നിര്‍ദിഷ്ട പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ഗവര്‍ണര്‍ തന്നെ മുന്‍കൈ എടുത്ത് നിര്‍ദേശം നല്‍കിയത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കുള്ള ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ്‌നു കീഴിലെ തമ്പുകളാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ: മുഹമ്മദ് ബിന്‍തന്‍, ഡെപ്യുട്ടി മന്ത്രി അബ്ദുല്‍ ഫത്താഹ് മുഷാത്, ഹജ്ജ്, ഉംറ മന്ത്രാലയത്തിലെയും സിവില്‍ ഡിഫന്‍സ് മന്ത്രാലയത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഈ വര്‍ഷം ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ശീതീകരിച്ച റെഡിമെയ്ഡ് ഭക്ഷണ മാതൃകകളും സാമ്പിളുകളും സംഘം പരിശോധന നടത്തി വിലയിരുത്തി. ദക്ഷിണേഷ്യയിലെ ഹാജിമാര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ ഹാജിമാരില്‍ പതിനഞ്ചു ശതമാനം പേര്‍ക്കും ഈ വര്‍ഷം വിതരണം ചെയ്യുക ഇത്തരത്തിലുള്ള പ്രത്യേക ഭക്ഷണ പൊതികളാണ്. കൂടാതെ ഇവരുടെ തമ്പുകളില്‍ ഹാജിമാര്‍ക്ക് ഡബിള്‍ ഡെക്കര്‍ കട്ടിലുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."