HOME
DETAILS
MAL
പാല്‍ഘര്‍ ആക്രമണം: അറസ്റ്റിലായവരില്‍ ഒരു മുസ്‌ലിം പോലുമില്ലെന്ന് മന്ത്രി
backup
April 23 2020 | 02:04 AM
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടു സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഒരൊറ്റ മുസ്‌ലിം പോലുമില്ലെന്ന് ആഭ്യന്തര മന്ത്രി.
വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 101 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതില്‍ ഒരാള്‍പോലും മുസ്‌ലിമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ചിലരൊക്കെ ദിവാസ്വപ്നം കണ്ടു നടക്കുകയാണ്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ ലിസ്റ്റും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.ഏപ്രില്‍ 16ന് കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് സന്യാസിമാരെയും ഡ്രൈവറേയുമാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. കല്‍പവര്‍ഷ് ഗിരി(70), സുശീല്‍ ഗിരി(35) എന്നീ സന്യാസിമാരും നിലേഷം തെല്‍ഗേഡെ എന്ന ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്നും 125 കിലോ മീറ്റര്‍ അകലെ ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ വച്ചായിരുന്നു ആക്രമണം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കാസ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്.
അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാല്‍ സംഭവം നടന്ന് വൈകാതെ ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സന്യാസിമാര്‍ കൊല്ലപ്പെട്ടത് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ വച്ചാണെന്ന രീതിയിലായിരുന്നു സംഘ്പരിവാര്‍, ബി.ജെ.പി സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിഡിയോ പ്രചരിച്ചത്. എന്നാല്‍ അതല്ല വസ്തുതയെന്നും കൊല്ലപ്പെട്ടതും കൊലപാതകികളും ഒരേ സമുദായത്തില്‍ പെട്ടവരാണെന്നുമാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും നേരത്തെ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ബഹുഭൂരിഭാഗവും ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊലയുമായി ബന്ധപ്പെട്ട് പാല്‍ഘറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലിസുകാര്‍ സസ്‌പെന്‍ഷനിലാണ്. സംഭവത്തില്‍ വിശദമായ മറുപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മഹാരാഷ്ട്ര പൊലിസ് മേധാവിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."