കാഞ്ഞാര്‍ മേഖലയില്‍ തസ്‌ക്കര ശല്യം വര്‍ധിക്കുന്നു; ജനം ഭീതിയില്‍
കാഞ്ഞാര്‍; കാഞ്ഞാര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏഴു മോഷണം നടന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. കാഞ്ഞാര്‍ കൂവപ്പള്ളി കവലയിലുളള കുന്നേപ്പറമ്പില്‍ ബിജുവിന്റെ ബൈക്ക് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം.
മോഷണം നടന്ന ബൈക്കിനു സമീപം മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്നു മോഷണം പോയ ബൈക്കാണ് ഇവിടെ ഉപേക്ഷിച്ചത്. കൊരട്ടിയില്‍ നിന്നു മോഷ്ടിച്ച ബൈക്ക് മൂവാറ്റുപുഴയില്‍ ഉപേക്ഷിച്ച ശേഷം, മൂവാറ്റുപുഴയില്‍ നിന്നു മോഷ്ടിച്ച ബൈക്കിലെത്തി കാഞ്ഞാറില്‍ നിന്നു ബൈക്ക് മോഷണം നടത്തിയെന്നാണ് സൂചന. കാഞ്ഞാര്‍ പൊലിസില്‍ പാരാതി നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞാര്‍ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നു. ഒരു മാസത്തോളമായി കാണിക്കവഞ്ചിയിലെ പണം എടുത്തിട്ടെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചില്ലറ ഉപേക്ഷിച്ച് നോട്ടുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തത്.
500 രൂപയുടെ ചില്ലറതുട്ടുകള്‍ ഉണ്ടായിരുന്നു. നാലിനാണ് എടാട് ശ്രീദേവി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നത്. ഇതേ ദിവസം തന്നെ ഇലപ്പള്ളി ശ്രീദേവി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണ ശ്രമം നടന്നെങ്കിലും കാണിക്കവഞ്ചി പൊളിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ മോഷണ ശ്രമം ഉപേക്ഷിച്ച് കള്ളന്‍ മടങ്ങി. കഴിഞ്ഞ വര്‍ഷം ഈ പ്രദേശങ്ങളില്‍ വ്യാപകമായി ദേവാലയങ്ങളില്‍ മോഷണം നടന്നെങ്കിലും ഒരു മോഷണം പോലും പിടികൂടാനായില്ല. ആറിന് ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല പറിക്കാന്‍ ശ്രമം നടത്തിയിരുന്നു.
മൂലമറ്റം ജലന്തര്‍ സിറ്റി നെല്ലംകുഴിയില്‍ കുഞ്ഞാപ്പച്ചന്റെ ഭാര്യ ലൂസിയുടെ മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘത്തില്‍ ഒരാള്‍ ബൈക്കിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ നില്‍ക്കുകയും മറ്റൊരാള്‍ ലൂസിയുടെ കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ലൂസിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന മകന്‍ കുട്ടാപ്പി ഓടിയെത്തിയതോടെ മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന സിസി ടിവി ദൃശ്യം പൊലിസിന് കിട്ടിയിട്ടുണ്ട്. മൂന്നിനാണ് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്നും ഭണ്ഡാരക്കുറ്റി മോഷണം പോയത്. മഴക്കാലം ആരംഭിച്ചതോടെ മോഷണം പെരുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."