ഏപ്രില്‍ ഒന്നുമുതല്‍ റെയില്‍വേ റൂട്ടുകളില്‍ പരിഷ്കരണം
തമിഴ്നാട്ടിലേക്കുള്ള 14 ട്രെയിനുകള്‍ ഇനി മുതല്‍ ഷൊര്ണൂരിലെത്തില്ല
മലബാറിലെ യാത്രക്കാര്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: അടുത്ത മാസം ഒന്ന് മുതല്‍ റെയില്‍വേ റൂട്ടുകളില്‍ പരിഷ്കരണം. തെക്കന്‍ കേരളത്തില്‍ നിന്ന് നിലവില്‍ ഷൊര്‍ണൂരില്‍ എത്തി തമിഴ്നാട്ടിലേക്ക് പോയിരുന്ന 14 ട്രെയിനുകള്‍ ഇനി മുതല്‍ തൃശൂരില്‍നിന്ന് തിരിച്ചു വിടും. സമയനഷ്ടം ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ നടപടി.
ഷൊര്‍ണൂരില്‍നിന്ന് തമിഴ്നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് 53 പ്രതിവാര സര്‍വിസുകളാണ് റെയില്‍വേ നടത്തുന്നത്. ഇതില്‍ 21 സര്‍വിസുകള്‍ നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് വഴിയാണ്.ഏപ്രില്‍ ഒന്നുമുതല്‍ 14 സര്‍വിസുകള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തില്ല. പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി ഇവ തിരിച്ചു വിടും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറോ എക്സ്പ്രസും ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്ണൂരിലെത്തില്ല. മലബാറിലെ യാത്രക്കാര്‍ ചെന്നൈയിലേക്ക് ഉള്‍പ്പെടെ പകല്‍ ആശ്രയിക്കുന്ന പ്രധാന ട്രെയിനാണ് ബൊക്കാറോ എക്സ്പ്രസ്.
മലബാറിലെ യാത്രക്കാര്‍ക്കാണ് ഈ പരിഷ്കാരം മൂലം ഏറെ ദുരിതം. സമയ നഷ്ടമാണ് റെയില്‍വേ കാരണമായി പറയുന്നത്. കൂടാതെ സിഗ്നല്‍ സംവിധാനത്തിലെ പരിമിതികളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പുതിയ പരിഷ്കാരത്തോടെ മലബാറില്‍ നിന്നുള്ള ഈ ട്രെയിനുകളിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ വള്ളത്തോള്‍ നഗറിലോ ഒറ്റപ്പാലത്തോ പോകേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."