സ്മാര്‍ട്ട് സിറ്റി പദ്ധതി നഗരവികസനത്തില്‍ മാറ്റം സൃഷ്ടിക്കും: മന്ത്രി എ.സി മൊയ്തീന്‍
തിരുവനന്തപുരം: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ജനങ്ങള്‍ക്കു ലഭ്യമായ സേവനങ്ങള്‍ മികച്ചതും മാതൃകാപരവുമാക്കാന്‍ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവൃത്തികളുടെ ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനപ്രവര്‍ത്തനങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്കുള്ളതാണെന്നു കരുതി എല്ലാവരുടെയും സഹകരണം ഉണ്ടാകണം. പദ്ധതി തുടങ്ങുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കോര്‍പറേഷന്റേത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ വകുപ്പുകളുടെയും സഹകരണം അനിവാര്യമാണ്. സാങ്കേതികമായ പ്രശ്‌നങ്ങള്‍ക്കു സ്വാഭാവികമായ പരിഹാരം കണ്ടെത്താനാകണമെന്നും മന്ത്രി പറഞ്ഞു.
വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നഗരസഭ മാതൃകാപരമായി മുന്നേറുകയാണെന്ന് അധ്യക്ഷനായ മേയര്‍ അഡ്വ. വി.കെ പ്രശാന്ത് പറഞ്ഞു. പരമാവധി വേഗത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാനാണു ശ്രമമെന്നും മേയര്‍ പറഞ്ഞു. കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ശ്രീകുമാര്‍, പാളയം രാജന്‍, കക്ഷിനേതാക്കളായ എം.ആര്‍ ഗോപന്‍, അനില്‍ കുമാര്‍ സംസാരിച്ചു. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സി.ഇ.ഒ പി. ബാലകിരണ്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി ദീപ എല്‍.എസ് നന്ദിയും പറഞ്ഞു.
പാളയം, തൈക്കാട്, വഞ്ചിയൂര്‍, വഴുതക്കാട്, ചാല, ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, തമ്പാനൂര്‍, വലിയശാല എന്നീ ഒന്‍പത് വാര്‍ഡുകളിലായി 1,403 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്ത് 1538.19 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണു പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."