HOME
DETAILS

'ജീവനുണ്ടെങ്കിലേ രാജ്യമുള്ളൂ'

  
backup
May 14 2020 | 04:05 AM

editorial-14-may-2020-2

 

സംസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ മുഖചിത്രം ഒറ്റനോട്ടത്തില്‍ മനോഹരമെന്നു തോന്നുമെങ്കിലും ഉള്ളടക്കം വലിയ പ്രതീക്ഷ നല്‍കുന്നതോ രാജ്യം നേരിടുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ പര്യാപ്തമോ അല്ലെന്നതാണ് വസ്തുത. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' എന്ന പദ്ധതിയുടെ പേരു പോലെ തന്നെ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു ചൊവ്വാഴ്ച രാത്രി മോദിയുടെ ഇഷ്ടസമയമായ എട്ടു മണിക്ക് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളും. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ്ഘടന വന്‍ കുതിപ്പിനു സജ്ജമാകുമെന്നും ആധുനിക മുഖമുള്ള അടിസ്ഥാനസൗകര്യ വികസനം ഉണ്ടാകുമെന്നും മാനവവിഭവശേഷി കൂടുതല്‍ ഊര്‍ജസ്വലമാകുമെന്നുമൊക്കെ അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഇതൊക്കെ സംഭവിക്കുന്നതോടെ രാജ്യം സ്വയംപര്യാപ്തത നേടുകയും 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറുകയും ചെയ്യുമെന്ന വലിയ പ്രതീക്ഷ അദ്ദേഹം ഇന്ത്യന്‍ ജനതയ്ക്കു നല്‍കുകയുമുണ്ടായി.


രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്തു ശതമാനം തുകയുടെ പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി പക്ഷെ, അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് അതു വിശദീകരിച്ചത്. സാധാരണ ബജറ്റിലും മറ്റും കാണുന്നതുപോലെയുള്ള പ്രഖ്യാപനങ്ങള്‍ പദ്ധതിയിലുണ്ട്. അതെല്ലാം ബജറ്റ് പ്രഖ്യാപനങ്ങളെന്നപോലെ തന്നെ സമ്പദ്ഘടനയെക്കുറിച്ച് ധാരാളം പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും കര്‍മപഥത്തിലെത്തുമ്പോള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന സന്ദേഹം അവശേഷിപ്പിക്കുന്നുമുണ്ട്.


ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമൊക്കെ നേരിട്ടു പണലഭ്യത ഉറപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കൊവിഡ്- 19 വ്യാപനം മൂലം ഏറ്റവും കടുത്ത ദുരിതമനുഭവിക്കുന്നത് ജീവിതം വഴിമുട്ടിയ നിത്യവരുമാനക്കാരായ ഈ വിഭാഗം തന്നെയാണ്. പ്രഖ്യാപനം അവരുടെ യാതനകള്‍ക്ക് പൂര്‍ണ പരിഹാരമാവില്ലെങ്കിലും ചെറിയ തോതിലുള്ള ആശ്വാസം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. അതുപോലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കു പ്രഖ്യാപിച്ച ഈടില്ലാ വായ്പയടക്കമുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിച്ച തരത്തില്‍ പ്രാവര്‍ത്തികമാവുകയാണെങ്കില്‍ സാധാരണക്കാരുടെ ജീവിതത്തിനു താങ്ങാവുന്നതോടൊപ്പം സമ്പദ്ഘടനയുടെ ഉത്തേജനത്തിനും വഴിയൊരുക്കാനിടയുണ്ട്.


അതേസമയം, പതിവു പോലെ സാധാരണക്കാര്‍ക്കു ഗുണകരമായ കര്‍മപരിപാടികളേക്കാളധികം വന്‍കിട സാമ്പത്തിക ശക്തികള്‍ക്കു ഗുണകരമായ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു നല്‍കുന്ന ഇളവുകളുടെയും ബാങ്കിങ് ഇതര ധനമിടപാട് സ്ഥാപനങ്ങള്‍ക്കു പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയുടെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വന്‍കിട കോര്‍പറേറ്റുകള്‍ തന്നെയായിരിക്കും. ഈ രംഗങ്ങളില്‍ മുതലിറക്കി നേട്ടമുണ്ടാക്കുന്നവരില്‍ ചെറുകിടക്കാര്‍ താരതമ്യേന വളരെ കുറവാണ്. 200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഒഴിവാക്കാനുള്ള തീരുമാനം ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും അതിന്റെയും പ്രധാന ഗുണഭോക്താക്കള്‍ വന്‍കിടക്കാര്‍ തന്നെയായിരിക്കും. കൂടാതെ അഴിമതി പ്രോത്സാഹിപ്പിക്കപ്പെടാനുള്ളൊരു സാധ്യത അതില്‍ ഒളിഞ്ഞുകിടക്കുന്നുമുണ്ട്.


പ്രഖ്യാപനങ്ങളിലെല്ലാം പ്രതീക്ഷ വച്ചുപുലര്‍ത്തിയാല്‍ തന്നെയും കൊവിഡ്- 19 എന്ന മഹാവ്യാധി രാജ്യത്ത് ഭീതിജനകമാം വിധം പടര്‍ന്നുകൊണ്ടിരിക്കുന്നൊരു സാഹചര്യത്തില്‍ പ്രഖ്യാപിക്കേണ്ടത് ഇതുമാത്രമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. കൊവിഡ് ഭീഷണിയും അതു നേരിടാനാന്‍ അനിവാര്യമായ തുടര്‍ച്ചയായ ലോക്ക് ഡൗണുകളും താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരാനാവശ്യമായ പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടാവില്ല സംശയം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിനെക്കാളേറെ അടിയന്തര പ്രാധാന്യം മഹാവ്യാധിയെ തീര്‍ത്തും നിര്‍മാര്‍ജനം ചെയ്യുക എന്നതിനു തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം കര്‍മപരിപാടികളൊന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലില്ല. രാജ്യം സാമ്പത്തിക പുരോഗതി പ്രാപിക്കേണ്ടത് അനിവാര്യമാണെങ്കിലും അതനുഭവിക്കാന്‍ ജനത ജീവിച്ചിരിക്കുന്നില്ലെങ്കില്‍ എന്തു കാര്യമെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.


മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. ഈ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലാണ് വ്യാപനം കൂടുതല്‍. അതിനെ പിടിച്ചുനിര്‍ത്താനാവശ്യമായ സംവിധാനങ്ങളോ വിഭവങ്ങളോ ഇല്ലാതെ നട്ടംതിരിയുകയാണ് സംസ്ഥാന ഭരണകൂടങ്ങള്‍. ആവശ്യത്തിനു ചികിത്സാലയങ്ങളോ ചികിത്സാ ഉപകരണങ്ങളോ നഗരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന, രോഗഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കാനുള്ള സൗകര്യങ്ങളോ ഇല്ലാത്തതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിഭീകരമായ ഈ സാഹചര്യത്തെ നേരിടാന്‍ ഫലപ്രദമായ ഒന്നും തന്നെ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.


സാമ്പത്തിക ഉത്തേജന നടപടികള്‍ക്കൊപ്പം തന്നെ സംസ്ഥാനങ്ങള്‍ ഉന്നയിച്ച സുപ്രധാന ആവശ്യമാണ് കൊവിഡ് പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം. പ്രതിരോധ നടപടികള്‍ നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്. എന്നാല്‍ ഇതിനായി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പോലും പ്രഖ്യാപനത്തിലില്ല. ഏറ്റവും അടിയന്തരപ്രാധാന്യമുള്ള ഇക്കാര്യത്തെ സ്പര്‍ശിക്കാതെയുള്ള പ്രഖ്യാപനം ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം നിരാശാജനകം തന്നെയാണ്. പുര കത്തുമ്പോള്‍ ആദ്യം ചെയ്യേണ്ടത് തീകെടുത്തലാണെന്നും കേടുപറ്റുന്ന ഭിത്തി ബലപ്പെടുത്തല്‍ പ്രധാനമാണെങ്കിലും അതു തൊട്ടുപിറകെ നിര്‍വഹിക്കേണ്ടതാണെന്നുമുള്ള ലളിതയാഥാര്‍ഥ്യത്തെ അറിഞ്ഞോ അറിയാതെയോ അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ഭരണകൂടം.
കൊവിഡ് പശ്ചാത്തലത്തില്‍ ജീവനുണ്ടെങ്കിലേ ലോകമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ്. എന്നാല്‍ അതുമായി ഒത്തുപോകുന്നതല്ല ഈ പ്രഖ്യാപനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago