സ്‌കൂള്‍ വിപണിയിലെ കൊള്ള: കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ വരുന്നു
തിരുവനന്തപുരം: സ്‌കൂള്‍ വിപണിയിലെ കൊള്ള തടയാന്‍ കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തൊട്ടാകെ 250 സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. വിപണയില്‍ ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇ-ത്രിവേണി സ്റ്റോറുകളും ഓണ്‍ലൈന്‍ ട്രേഡിങ് സംവിധാനവും ഒരുക്കും.
പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനം കുറവില്‍ സ്റ്റുഡന്‍സ് മാര്‍ക്കറ്റുകളില്‍ പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു സ്റ്റുഡന്‍സ് മാര്‍ക്കറ്റ് പ്രാഥമിക സഹകരണ സംഘങ്ങളുടെയോ, സ്‌കൂളുകളുടെയോ നേതൃത്വത്തില്‍ ആരംഭിക്കും. ഇ-ത്രിവേണികളുടെ പ്രവര്‍ത്തനവും കണ്‍സ്യൂമര്‍ഫെഡ് വ്യാപിപ്പിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ് പറഞ്ഞു.
ഓഫിസ് സ്റ്റേഷനറി സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് 24 ഇ-ത്രിവേണി സ്‌റ്റോറുകള്‍ കൂടി ആരംഭിക്കും. തിരഞ്ഞെടുത്ത ത്രിവേണികളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് സംവിധാനം ഒരുക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ 2,000 നീതി ഔട്ട്‌ലെറ്റുകളും 1,500 നീതി സ്‌റ്റോറുകളും ആരംഭിക്കും. അഴിമതിയും കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കണ്‍സ്യൂമര്‍ഫെഡ് സാമ്പത്തിക വര്‍ഷത്തില്‍ 64.78 കോടി രൂപ പ്രവര്‍ത്തന ലാഭം നേടിയെങ്കിലും നീതിയും ത്രിവേണിയും നഷ്്ടത്തില്‍ നിന്നു കരകയറിയില്ല.
കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പനശാലകളാണ് പ്രധാനമായും വരുമാനം നേടിയത്. 188.04 കോടിയുടെ വരുമാനമാണ് ബിവറേജസ് ഷോപ്പുകള്‍ വഴി ലഭിച്ചത്. 2015-16 വര്‍ഷത്തില്‍ 112.17 കോടിയായിരുന്നു വരുമാനം.
നീതി സ്‌റ്റോറുകള്‍ 31.29 കോടിയുടെ നഷ്ടമാണ് വരുത്തിയത്. കഴിഞ്ഞ തവണ നഷ്ടം 13.73 കോടിയായിരുന്നു. ത്രിവേണി 35.82 കോടിയുടെ നഷ്ടമാണ് വരുത്തിയത്. കഴിഞ്ഞ തവണയിത് 28.52 കോടിയായിരുന്നു. ത്രിവേണി നീതി വിതരണ സംവിധാനങ്ങളുടെ വില്‍പ്പന മുന്‍ വര്‍ഷത്തില്‍ നിന്നു 38.89 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നീതി മെഡിക്കല്‍ വിഭാഗം 5.9 ശതമാനവും വിദേശ മദ്യ വ്യാപാരം 9.67 ശതമാനവും വളര്‍ച്ച നേടി.
നിര്‍ത്തലാക്കിയ നന്മ സ്‌റ്റോറുകള്‍ 9.35 കോടിയുടെ നഷ്ടമാണ് വരുത്തിയത്. 2015-16 ല്‍ ഇത് 12.92 കോടിയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ ആകെ ലാഭം 64.78 കോടിയും അറ്റലാഭം 59.78 കോടിയുമാണ്. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നു കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയ 238 കോടിയുടെ വായ്പ മുഴുവനായി അടച്ചുതീര്‍ത്തു.
നിഷ്‌ക്രിയ ആസ്തിയായി കരുതിയിരുന്ന വായ്പയാണ് അടച്ചുതീര്‍ത്ത്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ല സഹകരണ ബാങ്കുകളിലെ വായ്പകള്‍ 64 കോടി തിരിച്ചടച്ചിട്ടുണ്ട്. സ്ഥിരനിക്ഷേപങ്ങളുടെ പലിശയിനത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 41.17 കോടിയും 248 ലേറെ വരുന്ന വിതരണക്കാര്‍ക്ക് 54 കോടിയും കൊടുത്തുതീര്‍ത്തു.
വിവിധ മദ്യകമ്പനികളില്‍ നിന്നു ഇന്‍സെന്റീവായി 1.67 കോടി പിരിച്ചെടുത്തു. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവുചുരുക്കിയും ഭരണത്തിലെ ധൂര്‍ത്തും അധികചെലവും ഒഴിവാക്കിയും കേന്ദ്രീകൃത പര്‍ച്ചേസും ഇ-ടെന്‍ഡറും നടപ്പാക്കിയും മറ്റുമാണ് സ്ഥാപനത്തെ ലാഭത്തിലേക്ക് നയിച്ചതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ്, അംഗങ്ങളായ കെ.വി കൃഷ്ണന്‍, പി.എം ഇസ്മയില്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എം. രാമനുണ്ണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."