ഗുരുവായൂരിലെ കുടിവെള്ള പ്രശ്‌നം: യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗം ആരംഭിക്കുന്നതിന് മുന്നോടിയായി യു.ഡി.എഫ് ഉന്നയിച്ച ആരോപണത്തെ ഭരണപക്ഷം എതിര്‍ത്തതോടെയാണ് ബഹളത്തിനും, ഇറങ്ങിപോക്കിനും കാരണമായത്.
യോഗം ആരംഭിക്കുന്നതിന് മുന്നോടിയായി അമൃതം പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കണ്‍സള്‍ട്ടന്‍സി പദ്ധതി വിശദീകരണം നടത്തി. വെള്ളകെട്ട് പരിഹരിക്കുന്നതിന് ശാസ്ത്രീയമായ കാന നിര്‍മ്മാണം, ഫുഡ്പാത്ത് നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളിലാണ് പദ്ധതി വിശദീകരണം നടത്തിയത്. ഇവ കൗണ്‍സില്‍ അംഗീകരിച്ചതിന് ശേഷമാണ് പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങുക. അമൃത് പദ്ധതി നടപ്പിലാക്കുമ്പോള്‍ തൈക്കാടിന് പ്രാധാന്യം നല്‍കണമെന്ന് മേഖലയിലെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അര മണിക്കൂര്‍ നീണ്ട് നിന്ന പദ്ധതി വിശദീകരണത്തിന് ശേഷമാണ് യോഗ നടപടികള്‍ ആരംഭിച്ചത്. അജന്‍ഡ വായിക്കാനരംഭിച്ചതോടെ പരാതികളുടെ ഭാണ്ഡകെട്ടുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. കര്‍ഷകര്‍ക്കുള്ള വളം വിതരണം അട്ടിമറിക്കുകയാണെന്നും, ജനദ്രേഹ നടപടികളാണ് എല്‍.ഡിഎഫ് ഭരണസമിതി നടത്തുന്നതെന്നും കുറ്റപെടുത്തി. വാര്‍ഡുകള്‍ തോറും കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ തികഞ്ഞ പരാജയമാണെന്നും ചൂണ്ടികാട്ടി. എന്നാല്‍ അജഡയിലില്ലാത്ത വിഷയങ്ങള്‍ യോഗാവസാനം ചര്‍ച്ച ചെയ്യാമെന്ന് നഗരസഭാധ്യക്ഷ പ്രൊഫ പി.കെ.ശാന്തകുമാരി അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ആദ്യം ചര്‍ച്ചചെയ്യണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപെട്ടു. ഇത് മുഖവിലക്കെടുക്കാതെ അജഡ വായന തുടര്‍ന്നപ്പോള്‍ പോസ്റ്ററുകളുമായി നടുക്കളത്തിലിറങ്ങിയ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ അജഡകളെല്ലാം പാസാക്കിയതായി അറിയിച്ച് നഗരസഭാധ്യക്ഷ യോഗം പിരിച്ചു വിട്ടു. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."