നൂറോളം തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം
ഹരിപ്പാട്: ദേശീയ പാത അതോറിറ്റിയുടെ അനുമതിയോടെ പട്ടണത്തില്‍ പുതുതായി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുവാന്‍ ആരംഭിച്ചു. ഡാണാപ്പടി പാലം മുതല്‍ മാധവാ ജംഗ്ഷന്‍ വരെ പരീക്ഷണാടിസ്ഥാനത്തിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. വിജയിച്ചാല്‍ താലൂക്ക് ആശുപത്രിക്കു മുന്‍വശം വരെ സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി, താലൂക്ക് ആശുപതി എന്നിവയുടെ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പലപ്പോഴും കണ്ണടയ്ക്കാറാണ് പതിവ്. ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി മുതല്‍ കരുവാറ്റ വഴിയമ്പലം വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകള്‍ കത്താതായിട്ട് നാളുകളേറെയായി. തെരുവ് വിളക്കുകള്‍ കത്താത്തതുമൂലം ദേശീയ പാതയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നതും പതിവായി.ഇതിനൊരു പരിഹാരമെന്ന നിലയിലാണ് നഗരസഭ മുന്‍കൈയെടുത്ത് നൂറോളം ലൈറ്റുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നത്.
വിളക്കുകള്‍ സ്ഥാപിക്കുന്ന ചുമതല സ്വകാര്യ ഏജന്‍സിക്കാണ് നല്‍കിയിരിയ്ക്കുന്നത്. വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി ദേശീയപാതയുടെ ഇരുവശത്തും 50 മീറ്റര്‍ ഇടവിട്ട് തൂണുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. സ്ഥാപിച്ചിരിയ്ക്കുന്ന തൂണുകളില്‍ ചിലത് വാഹനങ്ങള്‍ തട്ടി തകര്‍ന്നിട്ടുമുണ്ട്. തൂണുകളില്‍ ലൈറ്റുകള്‍ സ്ഥാപിയ്ക്കുകയും വൈദ്യുതി കണക്ഷന്‍ നല്‍കുന്ന ജോലിയുമാണ് ഇനി അവശേഷിക്കുന്നത്.
തെരുവ് വിളക്കുകള്‍ക്കായി സ്ഥാപിക്കുന്ന തൂണുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് അതില്‍ നിന്നുള്ള വരുമാനം ഏജന്‍സിക്ക് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പരസ്യവരുമാനത്തില്‍ നിന്നുള്ള നികുതി നഗരസഭയ്ക്കാണ്. വിളക്കുകളുടെ വൈദ്യുതി ചാര്‍ജ് നഗരസഭ വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."