പ്ലസ്‌വണ്‍ സീറ്റുകള്‍ വില്‍പനയ്ക്ക്; സീറ്റൊന്നിന് 5,000 മുതല്‍ 28,000 വരെ!
അരീക്കോട്: ഹയര്‍സെക്കന്‍ഡറി പഠനത്തിന് അവസരം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുമ്പോഴും ജില്ലയില്‍ പ്ലസ്‌വണ്‍ സീറ്റുകളുടെ കച്ചവടം കൊഴുക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ചില മാനേജ്‌മെന്റ് സ്‌കൂളുകളിലാണ് വ്യാപകമായ രീതിയില്‍ അനധികൃത പണപ്പിരിവ് നടക്കുന്നത്.
ജില്ലയില്‍ പ്ലസ്‌വണ്‍ സീറ്റുകളുടെ പേരില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിനായി വലിയ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. അരീക്കോട് ഭാഗത്തുള്ള ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സീറ്റിനു പണം വാങ്ങിയതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി സഫറുല്ല നടത്തിയ വെളിപ്പെടുത്തലിലൂടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. 5,000 രൂപ മുതല്‍ 28,000 രൂപ വരെയാണ് പല സ്ഥാപനങ്ങളിലും സീറ്റിനു വിലയിട്ടിരിക്കുന്നത്. ഹ്യൂമാനിറ്റീസിന് 5,000 രൂപയിലാണ് വില ആരംഭിക്കുന്നത്. സയന്‍സിനും കൊമേഴ്‌സിനും 15,000 രൂപ മുതലാണ് നല്‍കേണ്ടത്.
ഹയര്‍സെക്കന്‍ഡറി പഠനത്തിനുള്ള അവസരം നഷ്ടമാകുമെന്നതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പണപ്പിരിവ് പുറത്തുപറയാന്‍ മടിക്കുകയാണ്. സ്‌കൂളിലെ മാനേജറില്‍നിന്നു തുടങ്ങുന്ന പണപ്പിരിവ് ഏജന്‍സി നാട്ടിലെ കൂലിപ്പണിക്കാരനിലേക്കുവരെ എത്തുന്നതായാണ് വിവരം. സീറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡം മികവിനു പകരം പണമായതോടെ നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ പടിക്കു പുറത്തുനില്‍ക്കേണ്ട ഗതികേടിലാണ്.
ഇടനിലക്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മുതല്‍ പഞ്ചര്‍ കടയില്‍ വരെ
സീറ്റുകള്‍ക്കു പണം വാങ്ങുന്ന ശൃംഖലയില്‍ സ്‌കൂളിലെ മാനേജര്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനും ബാര്‍ബര്‍ ഷോപ്പ് നടത്തുന്നവരും പഞ്ചര്‍ കടയിലെ തൊഴിലാളി പോലും പങ്കാളിയാണ്. മക്കള്‍ക്കു സീറ്റ് ലഭിക്കാന്‍ രക്ഷിതാവ് സ്‌കൂള്‍ മാനേജരെ കാണേണ്ടതില്ല, പകരം പത്തു മിനിറ്റ് നേരം ബാര്‍ബര്‍ ഷോപ്പിലും പഞ്ചര്‍ കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലും ചെന്നിരുന്നാല്‍ മതി. അവിടെയാണ് പണംവച്ചുള്ള കച്ചവടം ഉറപ്പിക്കുന്നത്.
സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ വിവിധ മേഖലകളില്‍ കൂലിവേലക്കാരനെ പോലും ഏജന്‍സിയാക്കി നിശ്ചയിക്കുന്നത്. പ്ലസ്‌വണ്‍ സീറ്റുകളുടെ പരിമിതിയെക്കുറിച്ചു സംസാരിച്ചു രക്ഷിതാക്കളില്‍ ആശങ്ക വര്‍ധിപ്പിക്കലാണ് ഏജന്‍സികളുടെ ഒന്നാംഘട്ട ജോലി.
ഒടുവില്‍ ആശ്വാസ വാക്കിലൂടെ സ്‌കൂളിനു സംഭാവന നല്‍കിയാല്‍ സീറ്റ് തരപ്പെടുത്താമെന്നും വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞു രക്ഷിതാവിനെ മടക്കിയയക്കലാണ് രണ്ടാംഘട്ടം. രക്ഷിതാവ് പണം ഏജന്‍സികള്‍ക്കു കൈമാറിയില്‍ സ്‌കൂളിലെത്തി ഏജന്‍സിയുടെ പേരും വിവരങ്ങളും പറഞ്ഞു വിദ്യാര്‍ഥിയെ ചേര്‍ക്കാം.
നേതാക്കളേ,പലവഴിക്ക് പണിവരും!
പ്ലസ്‌വണ്‍ സീറ്റ് ലഭിക്കാന്‍ പല വഴികളും നോക്കി പരാജയപ്പെട്ടതോടെയാണ് രക്ഷിതാവ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി സഫറുല്ലയെ സമീപിച്ചത്.
നിര്‍ധന കുടുംബത്തിന്റെ പ്രയാസം മനസിലാക്കിയ അദ്ദേഹം ഇടപെട്ട് അരീക്കോട് ഭാഗത്തുള്ള ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സീറ്റ് തരപ്പെടുത്തി. ദിവസങ്ങള്‍ക്കു ശേഷം രക്ഷിതാവിനെ കണ്ട് വിദ്യാര്‍ഥിയുടെ പ്രവേശനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനേജ്‌മെന്റ് ഇവരില്‍നിന്ന് 5,000 ഈടാക്കിയത് അറിയുന്നത്.
രക്ഷിതാവ് ആദ്യം കരുതിയത് ലീഗ് നേതാവ് പണത്തിനു വേണ്ടിയാണ് തന്റെ മകള്‍ക്ക് സീറ്റ് നല്‍കിയതെന്നാണ്. നേതാവിനെ നേരില്‍ കണ്ടപ്പോഴാണ് പണം തട്ടിയെടുത്തതു സ്‌കൂള്‍ മാനേജ്‌മെന്റാണെന്നറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."