ഇസ്ലാം ഭീതിക്കെതിരേ മാര്‍ച്ച് 15 ആഗോള ഐക്യദിനമായി ആചരിക്കണമെന്ന് ഒ.ഐ.സി
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ലോകത്ത് ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി) ശക്തമാകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ മാര്‍ച്ച് പതിനഞ്ച് ആഗോള ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ടു.
ലോകത്തെ നടുക്കിയ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ട മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ ആഗോള ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കണമെന്നാണ് ഒ.ഐ.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടത്.
ലോകത്തെങ്ങും ഇസ്‌ലാമോഫോബിയ വര്‍ധിക്കുകയാണെന്നും വംശീയ വെറിയും ഇതിന്റെ ഫലമായ ഭീകരതയും വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചയോഗം, ഇതിനെതിരേ ആഗോള സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് ഐക്യ ദാര്‍ഢ്യ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
മുഴുവന്‍ മുസ്‌ലിംകളുടെയും മതസ്വാതന്ത്ര്യം ലോകത്തെ എല്ലാ രാജ്യങ്ങളും മാനിക്കണം. മുസ്‌ലിംകളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും നിയന്ത്രങ്ങളേര്‍പ്പെടുത്തരുത്. തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളും അധ്യാപനങ്ങളും ബാധ്യതകളും സത്യസന്ധമായി പാലിക്കുന്ന മുസ്‌ലിംകളെ മൊത്തത്തില്‍ അപലപിക്കുകയും സംഭവിക്കാനിടയുള്ള ഭീകരാക്രമണങ്ങളുടെ പാപഭാരം അവരുടെ മേല്‍ കെട്ടിവെക്കുകയും ചെയ്യുന്ന മുന്‍ധാരണകളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷവും ശത്രുതയും മതപരമായ ശത്രുതയും നിരീക്ഷിക്കുന്നതിന് യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മിഷണറും യൂറോപ്യന്‍ കൗണ്‍സില്‍ മനുഷ്യാവകാശ കമ്മിഷണറും സംവിധാനം ഏര്‍പ്പെടുത്തുകയും ഇതേക്കുറിച്ച റിപ്പോര്‍ട്ടുകള്‍ തയാറാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സമര്‍പ്പിക്കുകയും വേണമെന്ന് ഒ.ഐ.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ശങ്കക്കിടയില്ലാത്തവിധം അപലപിച്ചതിനെയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടിനെയും ഒ.ഐ.സി പ്രശംസിച്ചു.
സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിന് ന്യൂസിലന്‍ഡ് സ്വീകരിച്ച നടപടികളെ പൂര്‍ണ തോതില്‍ പിന്തുണക്കുന്നുവെന്നും ഭീകരര്‍ക്കെതിരേ ഏറ്റവും ശക്തമായ ശിക്ഷതന്നെ നല്‍കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."