ഗുരുവായൂരില്‍ ഇന്നു മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ല
വിവാഹങ്ങള്‍ നടത്താനും അനുമതിയില്ല
തിരുവനന്തപുരം: ഗുരുവായൂരിനു ചുറ്റും കൊവിഡ് ഭീഷണിയുള്ളതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇക്കാര്യം സര്‍ക്കാരിനെ ദേവസ്വം ബോര്‍ഡ് അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് നിശ്ചയിച്ച രണ്ടു വിവാഹങ്ങള്‍ നടക്കും. എന്നാല്‍ നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ ഇ മെയില്‍ വഴിയും ഫോണ്‍ വഴിയും അറിയിക്കും.
തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതി ഈ തീരുമാനമെടുത്തത്. കണ്ടെയ്ന്മെന്റ് സോണായി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചാവക്കാടിനു സമീപത്താണ് ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ജീവനക്കാരുടെ ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം കൊവിഡ് നിയന്ത്രണത്തില്‍ നടന്നിരുന്ന ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരും.
എവിടെയാണെങ്കിലും പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പ്രവേശന കാര്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."