റെയില്‍വേ ഗെയ്റ്റും സ്റ്റേഷന്‍ വികസനവും: പി.കെ ബിജു സന്ദര്‍ശിച്ചു
മുള്ളൂര്‍ക്കര: ജന ദുരിതത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്ന മുള്ളൂര്‍ക്കര സെന്ററിലെ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കി മേല്‍പ്പാലം പണിയണമെന്ന ജനകീയ ആവശ്യം മരീചികയായി തുടരുന്നു.
കാളവണ്ടിയുഗത്തില്‍ കഴിയുന്ന മുള്ളൂര്‍ക്കര റെയില്‍വേ സ്‌റ്റേഷന്‍ വികസനം ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ ആലത്തൂര്‍ ഡോ. പി.കെ. ബിജു എം.പി മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്റ്റേഷന്‍ വികസനം ഉറപ്പുവരുത്തുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്‌നം ഉന്നയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു എം.പി യുടെ സന്ദര്‍ശനം.
സ്റ്റേഷനിലെത്തിയ എം.പിയെ മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലാമും ജനപ്രതിനിധികളും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
സ്റ്റേഷന്‍ വികസനം ഉറപ്പാക്കണമെന്നും കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു അബ്ദുള്‍ സലാം എം.പിയ്ക്കു നിവേദനം നല്‍കി. അതിനിടെ എം.പി യുടെ സന്ദര്‍ശനം രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി.
നിരവധി തവണ എം.പിയായിട്ടും ഈ കാര്യത്തിനു വേണ്ടി ചെറുവിരല്‍ പോലും അനക്കാത്ത എം.പി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."