HOME
DETAILS
MAL
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സുഹൃത്തിന് വധഭീഷണി
backup
June 14 2020 | 03:06 AM
പെരിയ(കാസര്‍കോട്): പെരിയ കല്ല്യോട്ട് സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരുടെ സുഹൃത്ത് ദീപു കൃഷ്ണന് വധ ഭീഷണി.
കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് കോള്‍ വഴി 28കാരനായ ദീപു കൃഷ്ണനെ ഒരാള്‍ ഭീഷണിപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ദീപു കൃഷ്ണനെ ഇയാളുടെ വീട്ടിലേക്ക് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ മുന്‍പ് ശ്രമം നടന്നിരുന്നു.
കൃപേഷ്, ശരത്ലാല് എന്നിവര്‍ കൊല്ലപ്പെട്ടതിന് ശേഷമാണു അക്രമമുണ്ടായത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ദീപു കൃഷ്ണനാണെന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതി മണ്ഡപത്തിനടുത്ത് മൂന്നാമത്തെ സ്മൃതി മണ്ഡപം കൂടി ഒരുക്കി വെക്കുന്നതാണ് നല്ലതെന്നും ഭീഷണി മുഴക്കിയ ആള് പറഞ്ഞതായാണ് ദീപുവിന്റെ പരാതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് രാത്രിയാണ് തട്ടുമ്മലുള്ള ദീപുവിന്റെ വീട്ടിലേക്ക് ഒരു സംഘം ബോംബെറിഞ്ഞത്.
പ്രസ്തുത സംഭവത്തില്‍ പൊലിസ് കേസെടുത്തിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനിടയിലാണ് ദീപു കൃഷ്ണന് നേരെ വധ ഭീഷണിയുയര്‍ത്തി ഇന്റര്‍ നെറ്റ് വഴി കോള്‍ വന്നത്. സംഭവം സംബന്ധിച്ച് ദീപു കൃഷ്ണന് ബേക്കല്‍ സി.ഐക്കു പരാതി നല്കി. പരാതി പൊലിസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. 2019 ഫെബ്രുവരി 17നാണ് സംസ്ഥാനത്തെ തന്നെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയ കല്ല്യോട്ട് അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."