കെവിന്റെ കൊലപാതകം: ഗൂഢാലോചനയില്‍ പങ്കില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന
കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന.
കെവിന്‍ വധക്കേസില്‍ കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം താന്‍ തലവേദന മൂലം കിടക്കുകയായിരുന്നു. സംഭവം നടന്നതിന്റെ അടുത്തദിവസമാണ് കാര്യങ്ങളറിയുന്നത്. മകന്‍ ഷാനു ചാക്കോ ഗള്‍ഫില്‍ നിന്ന് വന്നകാര്യവും പിന്നീടാണ് താനറിയുന്നത്. തന്റെ മകന്‍ ഷാനുവും ഭര്‍ത്താവ് ചാക്കോയും ഒരു തെറ്റും ചെയ്തിട്ടില്ല.
ചെയ്തതെല്ലാം നീനുവിനോടുള്ള അമിതസ്‌നേഹം മൂലമാണ്. കെവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ഒന്നും തനിക്കറിയില്ലെന്നും താന്‍ ഒളിവില്‍പ്പോയില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും രഹ്്‌ന പറഞ്ഞു.
കെവിനുമായി അടുപ്പമുണ്ടെന്ന് നീനു തന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ കോളജില്‍ പോവുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിനുശേഷം കെവിനെ കണ്ട് മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം ശരിയല്ല. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ നീനുവിനെ ശല്യപ്പെടുത്തിയ ആളെ ട്യൂഷന്‍ സെന്ററില്‍ച്ചെന്ന് വിലക്കിയിരുന്നു.
ഭര്‍ത്താവിനെ നാട്ടില്‍ വിളിച്ചുവരുത്തുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്തും ബന്ധുവായ ആളില്‍ നിന്ന് സമാനമായ പ്രശ്‌നമുണ്ടായപ്പോഴും ഇടപെട്ടിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. മകളെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. നീനുവിന്റെ 20ാം പിറന്നാളിന് സ്‌കൂട്ടര്‍ വാങ്ങിക്കൊടുത്തിരുന്നു.
മറ്റൊരിക്കല്‍ രത്‌നമോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയിലില്ലെന്നും രഹ്്‌ന പറഞ്ഞു.
കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞു. എന്നാല്‍, കരഞ്ഞു പറഞ്ഞിട്ടും വീട്ടുകാര്‍ അനുവദിച്ചില്ല. നീനു ഹോസ്റ്റലിലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ലായിരുന്നു.
നീനുവുമായി സംസാരിച്ചിരുന്നെങ്കില്‍ നാട്ടുകാരറിഞ്ഞ് കല്യാണത്തിന് സമ്മതിക്കുമായിരുന്നു. നീനു രജിസ്റ്റര്‍ വിവാഹം ചെയ്തകാര്യവും അറിഞ്ഞിരുന്നില്ല. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ കുട്ടികളുടെ സ്വഭാവമാണ്. മുറിയില്‍ക്കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
അതറിയാവുന്നതുകൊണ്ടാണ് പൊലിസ് സ്‌റ്റേഷനില്‍നിന്ന് കൊണ്ടുപോവാന്‍ ശ്രമിച്ചത്. മുമ്പ് നീനുവിനെ ചികില്‍സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്്‌ന കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."