എയര്‍ ആംബുലന്‍സില്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിച്ച താമരശ്ശേരി സ്വദേശി മരണപ്പെട്ടു
ദോഹ: അസുഖ ബാധിതനായി ഖത്തറിലെ ഹമദ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ച കോഴിക്കോട് സ്വദേശി മരിച്ചു. ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഓമശേരി പുത്തൂര്‍ നടമ്മല്‍പൊയില്‍ സ്വദേശി അത്തിക്കോട്ട് മാനാമ്പറ്റ അബ്ദുല്‍ മജീദ് (63) ആണ് ഇന്ന് രാവിലെ മരിച്ചത്.
ഖത്തര്‍ പെട്രോളിയത്തില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം 2016ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടക്കിടെ ദോഹയില്‍ വന്നു പോകാറുണ്ട്. ലോക്ഡൗണിനു മുമ്പ് ഖത്തറിലെത്തി നാട്ടിലേക്ക് മടങ്ങാനാവാതെ തുടരുന്നതിനിടെയാണ് അസുഖ ബാധിതയുണ്ടായത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 29 ന് എയര്‍ ആംബുലന്‍സ് വരുത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വ്യാഴാഴ്ച വെളുപ്പിന് 3.15 നായിരുന്നു അന്ത്യം.
ഖത്തറിലും നാട്ടിലും പൊതുസേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം ഖത്തര്‍ ഓമശേരി ഏരിയ വെല്‍ഫെയര്‍ ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഓമശേരി ശാന്തി ഹോസ്പിറ്റലിനു കീഴിലുള്ള ബിഎസ്സി നഴ്സിംഗ് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗവും ഓമശേരി വെല്‍ഫെയര്‍ സൊസൈറ്റി (അയല്‍ക്കൂട്ടം) പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: താഹിറ. മക്കള്‍: ഇബ്തിസാം, മനാല്‍, ഈനാസ്, അഹ്മദ്. മരുമക്കള്‍:, അബ്ദുല്‍ അസീസ് കോഴിക്കോട് (ഖത്തര്‍) സിറാജ് കൂടത്തായി (അധ്യാപകന്‍, ആസാദ് സ്‌കൂള്‍) ശരീഫ് കളന്‍തോട് (ഖത്തര്‍). ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് പുത്തൂര്‍ മസ്ജിദുല്‍ ജൗഹര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."